ഹൈദരാബാദ്:മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എംപിയും സിപിഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന സുരവരം സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം.
2012 മുതല്‍ 2019 വരെ സിപിഐയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ നിര്യാണത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
തെലങ്കാനയിലെ മഹബൂബ് നഗര്‍ ജില്ലയില്‍ ജനിച്ച സുരവരം സുധാകര്‍ റെഡ്ഡി, വിദ്യാര്‍ഥി നേതാവായിട്ടാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 1998-ലും 2004-ലും നല്‍ഗൊണ്ട മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ നേതാവായിരുന്ന അദ്ദേഹം പാര്‍ലമെന്ററി കമ്മിറ്റി ഓണ്‍ ലേബര്‍ ചെയര്‍മാന്‍ എന്ന നിലയില്‍ സാമൂഹിക സുരക്ഷ, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കായി സജീവമായി പ്രവര്‍ത്തിച്ചു.
ഇടതുപക്ഷ രാഷ്ട്രീയത്തിന് ഇന്ത്യയിലും തെലങ്കാനയിലും വലിയ സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു അദ്ദേഹം. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ കൂടെ ചേര്‍ത്ത് പിടിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധേയമായിരുന്നു. ഒരു സമര്‍പ്പിതനായ പാര്‍ലമെന്റേറിയന്‍, തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി നിലകൊണ്ട നേതാവ് കൂടിയായിരുന്നു അദ്ദേഹം
വിശാഖപട്ടണത്ത് ഉരുക്കുശാല സ്ഥാപിക്കാന്‍ വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ സുധാകര്‍ റെഡ്ഡിയും ഉണ്ടായിരുന്നു. എല്‍എല്‍എം പഠനശേഷം എഐഎസ്എഫ് ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റി. സി. കെ. ചന്ദ്രപ്പന്‍ എഐവൈഎഫ് ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത് സുധാകര്‍റെഡ്ഡി എഐഎസ്എഫ് ജനറല്‍ സെക്രട്ടറിയായിരുന്നു.
പിന്നീട് സുധാകര്‍റെഡ്ഡി എഐവൈഎഫ് പ്രസിഡന്റും സി കെ ചന്ദ്രപ്പന്‍ ജനറല്‍ സെക്രട്ടറിയുമായി ഒരേ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1968ല്‍ റെഡ്ഡി സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായി. സിപിഐ ആന്ധ്ര സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പ
ഭാര്യ : വര്‍ക്കിങ് വിമന്‍സ് കൗണ്‍സില്‍ ദേശീയ സെക്രട്ടറിയും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ ബി വി വിജയലക്ഷ്മി. മക്കള്‍ : നിഖില്‍, കപില്‍
