മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിഷൻ സിങ് ബേദി അന്തരിച്ചു

ദില്ലി: മുന്‍ ഇന്ത്യന്‍ ക്യാപറ്റനും ഇതിഹാസ സ്പിന്നറുമായ ബിഷന്‍ സിംഗ് ബേദി (77) അന്തരിച്ചു. ഇടങ്കയ്യന്‍ സ്പിന്നറായ ബേദി 1946 സെപ്തംബര്‍ 25ന് അമൃത്സറിലാണ് ജനിച്ചത്. 1966ല്‍ അദ്ദേഹം തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു. 1979 വരെ ഇന്ത്യക്ക് വേണ്ടി ബേദി കളിച്ചു. ഇക്കാലയളില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ 67 ടെസ്റ്റുകള്‍ കളിച്ച ഇതിഹാസ സ്പിന്നര്‍ 266 വിക്കറ്റുകള്‍ വീഴ്ത്തി. പത്ത് ഏകദിനങ്ങളില്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി. എറാപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖര്‍, എസ് വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സ്പിന്‍ വകുപ്പിന്റെ തലവരമാറ്റിയ താരമാണ് ബേദി.

ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തിലും ബേദി നിര്‍ണായക പങ്കുവഹിച്ചു. 1975ലെ പ്രഥമ ഏകദിന ലോകകപ്പിലായിരുന്നു അത്. അന്ന് ഈസ്റ്റ് ആഫ്രിക്കയെ 120 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 12 ഓവറില്‍ 12 ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇതില്‍ എട്ട് ഓവറുകള്‍ മെയ്ഡനായിരുന്നു. പന്തില്‍ വേരിയേഷന്‍സ് വരുത്തുന്നതില്‍ മിടുക്കനായിരുന്നു ബേദി. 1976ല്‍ ഇന്ത്യയെ നയിക്കാനും ബേദിക്കായി.

1966ല്‍ വെസ്റ്റ ഇന്‍ഡീസിനെതിരെയായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് വിക്കറ്റ് നേടാന്‍ ബേദിക്കായി. 1979ല്‍ ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റും കളിച്ചും. ഒന്നാകെ മൂന്ന് വിക്കറ്റും ബേദി വീഴ്ത്തി. 1979ല്‍ അവസാന ഏകദിനവും കളിച്ചു. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ ബേദിക്ക് കഴിഞ്ഞിരുന്നില്ല.

ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങാനും ബേദിക്കായിരുന്നു. പ്രത്യേകിച്ച് ഡല്‍ഹി ടീമിനൊപ്പം. നിരവധി സ്പിന്‍ ബൗളര്‍മാരുടെ ഉപദേശകനായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്ത്യയിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കളിയില്‍ നിന്ന് വിരമിച്ച ശേഷവും, ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവിധ മേഖലകള്‍ കൈകാര്യം ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: