തൃശൂർ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി വിശ്വനാഥൻ അന്തരിച്ചു. എൺപത്തിമൂന്നു വയസായിരുന്നു. സംസ്ഥാന വനംവകുപ്പ് മന്ത്രി, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച തൃശൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് കെ.പി.വിശ്വനാഥൻ. തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. ഒരു അഭിഭാഷകൻ കൂടിയാണ് കെ.പി. വിശ്വനാഥൻ.
യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം. 1967 മുതൽ 1970 സംഘടനയുടെ തൃശൂർ ജില്ലാ പ്രസിഡൻറായിരുന്നു.

