ആലപ്പുഴ: മാരാരിക്കുളത്ത് വി എസ് അച്യുതാനന്ദനെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് അഡ്വ. പി ജെ ഫ്രാന്‍സിസ് അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 1996ലാണ് പി ജെ ഫ്രാന്‍സിസ് അച്യുതാനന്ദനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയത്. ആലപ്പുഴ വഴിച്ചേരി വാര്‍ഡില്‍ പള്ളിക്കത്തൈ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു ഫ്രാന്‍സിസ്.
1978-84 കാലഘട്ടത്തില്‍ ആലപ്പുഴ നഗരസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. ഏറെക്കാലം ഡിസിസി വൈസ് പ്രസിഡന്റായിരുന്നു. 1987ലും 91ലും അരൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ ആര്‍ ഗൗരിയമ്മക്കെതിരെ മത്സരിച്ചു. മൂന്നാമൂഴത്തിലാണ് മാരാരിക്കുളത്ത് മത്സരിക്കാനെത്തിയത്.
1965 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇടതുപക്ഷത്തെയും രാഷ്ട്രീയ കേരളത്തെയും ഞെട്ടിച്ചുകൊണ്ട് ഫ്രാന്‍സിസ് വിജയിച്ചു കയറിയത്. 91ല്‍ 9980 വോട്ടുകള്‍ക്ക് ഡി സുഗതനെ പരാജയപ്പെടുത്തിയാണ് വിഎസ് നിയമസഭയിലെത്തിയിരുന്നത്. അങ്ങനെ ഇടതുരാഷ്ട്രീയത്തില്‍ കരുത്തനായി നില്‍ക്കവെയായിരുന്നു ഫ്രാന്‍സിസിന്റെ അപ്രതീക്ഷിത വിജയം. അതോടെ ജയന്റ് കില്ലറെന്ന വിശേഷണം ഫ്രാന്‍സിസിന് ലഭിച്ചു.
2001ല്‍ മാരാരിക്കുളത്ത് ഫ്രാന്‍സിസിനെ തന്നെ കോണ്‍ഗ്രസ് മത്സരിപ്പിച്ചപ്പോള്‍ ടിഎം തോമസ് ഐസക്കിനെയാണ് സിപിഐഎം മത്സരിപ്പിച്ചത്. വിജയം തോമസ് ഐസക്കിനോടൊപ്പം നിന്നു. 12403 വോട്ടുകള്‍ക്കാണ് തോമസ് ഐസക്ക് വിജയിച്ചത്.
സെന്റ് ജോസഫ് വനിത കോളേജിലെ ചരിത്ര പ്രൊഫസറായ വി പി മറിയാമ്മയാണ് പി ജെ ഫ്രാന്‍സിസിന്റെ ഭാര്യ. രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്
