ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ സംസ്കാര ചടങ്ങുകൾ നാളെ നടത്തും. വിദേശത്തുള്ള മകള്‍ എത്തിയ ശേഷം ശനിയാഴ്ച്ച സംസ്കാര ചടങ്ങുകൾ നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. മൻമോഹൻ സിങ്ങിന്റെ മരണത്തെ തുടർന്ന് രാജ്യത്ത് ഏഴു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മൻമോഹൻ സിങ്ങിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഇന്നു രാവിലെ11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് ശേഷമാകും സംസ്കാര ചടങ്ങുകൾ.
മൻമോഹൻ സിങ്ങിന്റെ മരണവിവരം അറിഞ്ഞതോടെ ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള്‍ ഡൽഹിയിലെത്തി. ഇന്നു പുലർച്ചയോടെ ഡൽഹിയിലെത്തിയ രാഹുല്‍ ഗാന്ധിയും മല്ലികാർജുന്‍ ഖർഗെയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി ആദമരമർപ്പിച്ചു. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു.
വ്യാഴാഴ്ച രാത്രിയോടെയാണ് മൻമോഹൻ സിങ് അന്തരിച്ചത്. ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്. ഭാര്യ: ഗുർശരൺ കൗർ. മക്കൾ: ഉപിന്ദർ സിങ്, ദമൻ സിങ്, അമൃത് സിങ്.

