മലയാളസിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജ് സംവിധാനംചെയ്ത് മോഹൻലാൽ നായകനാവുന്ന എമ്പുരാൻ. പൃഥ്വിരാജിന്റെ കന്നിസംവിധാന സംരംഭമായിരുന്ന ലൂസിഫറിന്റെ രണ്ടാംഭാഗമായി വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.
ചിത്രത്തിൽ പൃഥ്വിയുടെ കാരക്റ്റർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലൂസിഫർ എന്ന ചിത്രത്തിൽ സയിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ഈ വേഷത്തിൽ പൃഥ്വിരാജ് എമ്പുരാനിലുമുണ്ടാവും. മസൂദിനെ അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി.
പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. ‘ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടു… ചെകുത്താൻ വളർത്തി’ എന്നാണ് കഥാപാത്രത്തിന് പോസ്റ്ററിൽ നൽകിയിരിക്കുന്ന വിശേഷണം. പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചതും ഇതേ വരികളാണ്.
ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലൈക്ക പ്രൊഡക്ഷൻസ് ആശിർവാദ് സിനിമാസിനൊപ്പം ‘എമ്പുരാന്റെ’ നിർമാണ പങ്കാളിയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും ‘എമ്പുരാൻ’
മുരളി ഗോപിയുടേതാണ് തിരക്കഥ. മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. ദീപക് ദേവ് സംഗീത സംവിധാനവും കലാസംവിധാനം മോഹൻദാസും നിർവഹിക്കുന്നു. സ്റ്റണ്ട് സിൽവയാണ് സംഘട്ടനസംവിധാനം. വിദേശരാജ്യങ്ങളടക്കമാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

