തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഫോർട്ട് സ്റ്റേഷൻ പരിധിയിൽ നിന്നും നഷ്ടപ്പെട്ട 30 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി. 5 ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈൽ ഫോണുകളാണ് കണ്ടെത്തി യഥാർത്ഥ ഉടമകൾക്ക് കൈമാറിയതെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു. പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ മാരായ നകുൽ രാജേന്ദ്ര ദേശ്മുഖ് ഐ പി എസ്, ടി ഫറാഷ് ഐ പി എസ് എന്നിവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ വച്ചാണ് യഥാർത്ഥ ഉടമസ്ഥർക്ക് ഫോണുകൾ കൈമാറിയത്.
കിഴക്കേക്കോട്ട, പഴവങ്ങാടി ഭാഗങ്ങളിൽ നിന്നും മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഫോർട്ട് എസ് എച്ച് ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ് സി പി ഒമാരായ ശ്രീജിത്ത്, രതീഷ് എന്നിവർ ചേർന്ന് സി ഇ ഐ ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത്, പോർട്ടലിന്റെ സഹായത്തോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നമാണ് ഈ ഫോണുകൾ കണ്ടെത്തിയത്. ഐ എം ഇ ഐ നമ്പറും ലൊക്കേഷനും പിന്തുടർന്നാണ് ഈ ഫോണുകൾ കണ്ടെത്തിയത്.
