ലഖ്നൗ: ഉത്തർപ്രദേശിൽ തീപിടിത്തത്തിൽ ഒരു കുടുബത്തിലെ നാലു കുട്ടികൾ വെന്തുമരിച്ചു. 10 വയസു മുതൽ നാലുവയസു വരെ മാത്രം പ്രായമുള്ള സഹോദരങ്ങളാണ് മരിച്ചത്.
മീററ്റിലെ പല്ലവപുരത്ത് ശനിയാഴ്ച വീട്ടിൽ ഉണ്ടായ തീപിടിത്തത്തിലാണ് ദാരുണ സംഭവം. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ആദ്യം ബെഡ് ഷീറ്റിനാണ് തീപിടിച്ചതെന്ന് അച്ഛൻ ജോണി പറയുന്നു.
സരിക (10), നിഹാരിക (8), സൻസ്കാർ (6), കാലു (4) എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനായ ജോണി പരിക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യ ബബിതയുടെ നില ഗുരുതരമാണ്. ഡൽഹിയിലെ എയിംസ് ആശുപത്രിയിലാണ് ബബിത ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

