കോട്ടയം: കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയാകുവാൻ സാധ്യത തെളിഞ്ഞു. യുഡിഎഫ് സീറ്റ് വിഭജന ചർച്ച 14നു പൂർത്തീകരിച്ച ശേഷം കേരള കോൺഗ്രസ് നേതൃയോഗം ചേരും. തുടർന്നു ഫ്രാൻസിസ് ജോർജിനെ സ്‌ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
ഇടതുമുന്നണി സ്ഥാനാർത്ഥിയായി കേരള കോൺഗ്രസിലെ (എം) സിറ്റിങ് എംപി തോമസ് ചാഴിക്കാടൻ തന്നെയായിരിക്കുമെന്നും ഉറപ്പായിട്ടുണ്ട്.
രാഷ്ട്രീയ നേതാവായിരുന്ന കെ.എം. ജോർജ്ജിന്റെ പുത്രനാണ് ഫ്രാൻസിസ് ജോർജ്. 1999ലും 2004ലും ഇടുക്കിയിൽ നിന്നും പാർലമെന്റ് അംഗമായിട്ടുണ്ട്. വിദേശകാര്യം, പ്രതിരോധം, വ്യവസായം, വ്യാപാരം എന്നിവയുടെ പാർലമെന്ററി കമ്മിറ്റികളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജിലും തിരുവനന്തപുരത്തെ ലോ അക്കാദമിയിലുമാണ് വിദ്യാഭ്യാസം നടത്തിയിട്ടുള്ള ഇദ്ദേഹം ഒരു ബാങ്കറും
കർഷകനുമാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവായിരുന്ന ഫ്രാൻസിസ് ജോർജ് പാർട്ടി ലയനശേഷം
കേരള കോൺഗ്രസ് (എം)ൽ നിന്ന് രാജി വെച്ച് ജനാധിപത്യ കേരള കോൺഗ്രസ്സ് ഉണ്ടാക്കിയെങ്കിലും പിന്നീട് പി.ജെ. ജോസഫിൻ്റെ കേരള കോൺഗ്രസിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
