ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ.
ഇടുക്കി പീരുമേട് കൊക്കയാര്‍ വെമ്പ്ലി വടക്കേമല തുണ്ടിയില്‍ വീട്ടിൻ അജിത് ബിജുവിനെ(28) ആണ് ചെങ്ങന്നൂര്‍ ഡി വൈ എസ് പിയും സംഘവും അറസ്റ്റ് ചെയ്തത്.
ആലപ്പുഴ സ്വദേശിയായ പിന്നോക്ക വിഭാഗത്തിൽപ്പെട്ട യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും യുവതിയുടെ നഗ്ന വീഡിയോകള്‍ മൊബൈലില്‍ പകർത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.
യുവതിയില്‍ നിന്ന് പണവും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കുകയും ചെയ്തതായും പരാതിയുണ്ട്.
പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമ പ്രകാരമുള്ള കേസായതിനാല്‍ ചെങ്ങന്നൂര്‍ ഡി വൈ എസ് പിയാണ് കേസ് അന്വേഷിച്ചത്.
അജിത് ബി കൃഷ്ണ നായര്‍ എന്ന ഇൻസ്റ്റഗ്രാം ഐഡിയില്‍ തന്റെ റീൽസും മറ്റും സ്ഥിരമായി പോസ്റ്റ് ചെയ്ത് യുവതികളുമായി ചങ്ങാത്തത്തിലാകുന്ന പ്രതി ഇവരെ വശീകരിച്ച് വിവാഹ വാഗ്ദാനം നൽകി പിഡീപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുകയാണ് പതിവ്. ‘
സമാന സംഭവത്തിൽൽ പ്രതിക്കെതിരെ മലപ്പുറം കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിൽ ഇയാൾ ജയിലിലായിരുന്നു.
കേസിൽ ജാമ്യമെടുത്ത് പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയവെയാണ് വിവിധയിടങ്ങളിലുള്ള സ്ത്രീകളുമായി ബന്ധത്തിലാകുന്നത്.
രണ്ട് വർഷം മുന്‍പ് നടന്ന സംഭവത്തില്‍ പ്രതി ഇപ്പോഴും ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിക്കുന്നതിനാലാണ് ആലപ്പുഴ സ്വദേശിയായ യുവതി പരാതി നൽകാൻ തയ്യാറായത്.
പ്രതി കൂടുതല്‍ യുവതികളെ സമാന രീതിയിൽ ചതിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്.
ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

