കൊല്ലം: സിപിഎം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതതില്‍ അതൃപ്തി പരസ്യമാക്കി മുന്‍ എംഎല്‍എയും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ പത്മകുമാര്‍. ‘ചതിവ്……… വഞ്ചന……… അവഹേളനം …….52 വര്‍ഷത്തെ ബാക്കിപത്രം……….ലാല്‍ സലാം…….’- ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പത്മകുമാര്‍ അതൃപ്തി പ്രകടിപ്പിച്ചത്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈല്‍ ഫോട്ടായാക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ് വലിയ ചര്‍ച്ചയായി മിനിറ്റുകള്‍ക്കകം പത്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് കുറിപ്പ് പിന്‍വലിച്ചു.
മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതിലുള്ള അതൃപ്തിയാണ് പത്മകുമാറിന്റെ പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. ഉച്ചഭക്ഷണത്തിന് പോലും നില്‍ക്കാതെ പത്മകുമാര്‍ സമ്മേളന നഗരി വിട്ടു. പാര്‍ലമെന്ററി രംഗത്തൂടെ പാര്‍ട്ടിയിലെത്തിയ വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതില്‍ പത്തനംതിട്ടയിലെ മറ്റു ചില നേതാക്കള്‍ക്കും അതൃപ്തിയുണ്ടെന്നാണ് വിവരം.

അതേസമയം, 17 പുതുമുഖങ്ങളുമായി മുഖംമിനുക്കുകയാണ് സിപിഎം സംസ്ഥാന സമിതി. എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും. എംവി ജയരാജന്‍, സിഎന്‍ മോഹനന്‍, കെ കെ ശൈലജ എന്നിവര്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. 89 അംഗ സിപിഎം സംസ്ഥാനസമിതിയില്‍ 17 പേരാണ് പുതുമുഖങ്ങള്‍.
