ഫ്രീഡം ഫെസ്റ്റ് ആഗസ്റ്റ് 12 മുതൽ

ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ‘ഫ്രീഡം ഫെസ്റ്റ് 2023: നോളഡ്ജ് ഇന്നൊവേഷൻ ടെക്‌നോളജി’ രാജ്യാന്തര സമ്മേളനത്തിന്റെ പ്രചാരണ പരിപാടികൾ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പത്തോളം വേദികളിൽ വിവിധ സെഷനുകളായി നടക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023-ൽ കെ-ഡിസ്‌ക്, കൈറ്റ്, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, സ്റ്റാർട്ട്അപ് മിഷൻ, ഐ.ടി. മിഷൻ, ഐസിഫോസ്, സി-ഡിറ്റ് തുടങ്ങി പതിനെട്ട് സർക്കാർ സ്ഥാപനങ്ങളും യുണിസെഫ്, ഡി.എ.കെ.എഫ്, ഫ്രീ സോഫ്റ്റ് വെയർ മൂവ്‌മെന്റ് ഓഫ് ഇന്ത്യ, ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ, സോഫ്റ്റ്‌വെയർ ഫ്രീഡം ലാ സെന്റർ, യു.എൽ.സി.സി.എസ്., ഐ.ടി. ഫോർ ചേഞ്ച് തുടങ്ങി പതിനാറോളം സർക്കാരിതര സ്ഥാപനങ്ങളും പങ്കാളികളാകും.

ആഗസ്റ്റ് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഏഷ്യ-പസഫിക് ലിനക്‌സ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ജൂലിയൻ ഗോർഡൻ, ഐ.ഐ.എസ്.സി. ബാംഗ്ലൂരിലെ ഡോ. നരസിംഹമൂർത്തി എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫഷണൽ കോളജുകളിൽ കെ-ഡിസ്‌ക് സംഘടിപ്പിക്കുന്ന ഐഡിയാത്തോണിൽ വിജയികളായ 1000 പേർക്കുള്ള ‘കേരള വിഷൻ 2035’ ആണ് ആദ്യ ദിവസത്തെ പ്രധാന പരിപാടി.ഇൻക്ലൂഷൻ ആൻഡ് ഇന്നൊവേഷൻ, സസ്‌റ്റൈനബിൾ ആൻഡ് ഇക്വിറ്റബിൾ ഡെവലപ്‌മെന്റ്, ഇന്റർനെറ്റ് ഗവേണൻസ്, ബ്യൂട്ടി ഓഫ് ലൈഫ്, ജിനോമിക്‌സ്, മെഡിക്കൽ ടെക്‌നോളജി, സൈബർ നിയമം, മീഡിയാ ഫ്രീഡം, കേരള എന്റർപ്രൈസ് ആർകിടെക്ചർ, ഡിജിറ്റൽ വിദ്യാഭ്യാസം, ബ്ലോക്ക് ചെയിൻ തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് ചർച്ച നടക്കും.

ഫ്രീഡം ഫെസ്റ്റിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ മന്ത്രി വി. ശിവൻകുട്ടി വിലയിരുത്തി. ചടങ്ങിൽ അക്കാദമിക് ചെയർമാൻ ഡോ. ടി.എം.തോമസ് ഐസക്, ജനറൽ കൺവീനർ വി.കെ. പ്രശാന്ത് എം.എൽ.എ, കൺവീനർമാരായ വീണാമാധവൻ, കെ.അൻവർ സാദത്ത്, ടി. ഗോപകുമാർ, അനൂപ് അംബിക, ജി. ജയരാജ്, ഡോ. സുനിൽ തോമസ് തുടങ്ങിയവർ പങ്കെടുത്തു. വിശദ വിവരങ്ങൾക്ക് www.freedomfest2023.in.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: