മംഗളൂരു: പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ കൊന്ന് മലിനജല ടാങ്കിൽ തള്ളി സുഹൃത്ത്. മാൾഡ ജില്ലയിൽ രതുവ പറംപൂർ സ്വദേശി ഭൂദേവ് മണ്ഡലിന്റെ മകൻ 27 കാരനായ മുകേഷ് മണ്ഡലാണ് കൊല്ലപ്പെട്ടത്. മംഗളൂരു സൂറത്ത്കലിലെ മൂക് റോഹൻ എസ്റ്റേറ്റ് എന്ന ലേഔട്ടിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു കൊല്ലപ്പെട്ട മുകേഷ്. യുവാവിന്റെ അഴുകിയ മൃതദേഹം മംഗളൂരു സൂറത്ത്കലിലെ മലിനജല ശുദ്ധീകരണ ടാങ്കിനുള്ളിൽ കണ്ടെത്തി. സംഭവത്തിൽ സുഹൃത്ത്, 30 കാരനായ ലക്ഷ്മൺ മണ്ഡൽ എന്ന ലഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 24ന് രാത്രി ഒമ്പത് മണിയോടെ മുകേഷിനെ കാണാതായതായി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ രണ്ടിന് സൂറത്ത്കൽ പൊലീസ് സ്റ്റേഷനിൽ മിസ്സിംഗ് കേസ് (ക്രൈം നമ്പർ 83/2025) രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആഗസ്റ്റ് 21ന് മുകേഷിന്റെ അഴുകിയ മൃതദേഹം അയാൾ ജോലി ചെയ്തിരുന്ന അതേ എസ്റ്റേറ്റിലെ എസ്ടിപി (സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്) ടാങ്കിൽനിന്ന് കണ്ടെത്തി.
പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ റാട്ടുവ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ലക്ഷ്മണന്റെ ഭാര്യയുടെ അശ്ലീല വിഡിയോകൾ മുകേഷ് തന്റെ മൊബൈൽ ഫോണിൽ കാണിച്ചിരുന്നു. ഇതിൽ പ്രകോപിതനായ ലക്ഷ്മൺ സമീപത്തുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് മുകേഷിന്റെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യം മറച്ചുവെക്കാൻ മൃതദേഹം എസ്റ്റേറ്റിലെ എസ്.ടി.പി ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു
യുവാവിനെ കൊന്ന് മലിനജല ടാങ്കിൽ തള്ളി സുഹൃത്ത്
