കോഴിക്കോട്: കെ എസ് യു മുന്‍ സംസ്ഥാന അധ്യക്ഷനും എൻ എസ് യു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ കെ എം അഭിജിത്ത് വിവാഹിതനാവുന്നു. മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി നജ്മിയാണ് യുവനേതാവിന്റെ ജീവിത പങ്കാളിയാവുന്നത്. ആഗസ്റ്റ് 17-ന് വ്യാഴാഴ്ച ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹം
അത്തോളി പൂക്കോട് കുഴിക്കാട്ട് മീത്തൽ ഗോപാലൻ കുട്ടിയുടെയും സുരജ ഗോപാലൻ കുട്ടിയുടെയും മകനാണ് അഭിജിത്ത്. കോഴിക്കോട് മീഞ്ചന്ത ഗവ.ആർട്സ് ആന്റ് സയൻസ് കോളജിൽ അഭിജിത്തിന്റെ ജൂനിയറായിരുന്നു നജ്മി . 10 വർഷംമുമ്പുള്ള പരിചയം പിൽക്കാലത്ത് പ്രണയത്തിലേക്ക് വളരുകയായിരുന്നു. നജ്മി എം.എ.യും ബി.എഡും പൂർത്തിയാക്കിയിട്ടുണ്ട്. എം.സി.ജെ.യും എം.എ. മലയാളവും പാസായ അഭിജിത്ത് മുഴുവൻസമയ പൊതുപ്രവർത്തകനാണ്.
കെ.എസ്.യു. സംസ്ഥാനപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ അഭിജിത്ത് വഹിച്ചിട്ടുണ്ട്. 2021-ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.