തിരുവനന്തപുരം: മാസങ്ങളോളമായി സംഘർഷങ്ങൾ അണയാതെ തുടരുന്ന മണിപ്പൂരിൽ നിന്നെത്തിയ പെൺകുട്ടിയെ ചേർത്ത് പിടിച്ച് കേരളം. മണിപ്പൂരിൽ നിന്ന് ബന്ധുവിനൊപ്പമാണ് ജേ ജെം എന്ന തലസ്ഥാനത്തെത്തിയത്.
ആക്രമണത്തിൽ പെൺകുട്ടിയുടെ വീട് പൂർണമായും നശിച്ചതായാണ് ലഭിക്കുന്ന വിവരം. മാതാപിതാക്കളും സഹോദരങ്ങളും ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തതായും അറിയുന്നു. ഈ പശ്ചാത്തലത്തിലാണ് പെൺകുട്ടി കേരളത്തിലേക്ക് ചേക്കേറിയത്.
എന്നാൽ മറ്റു രേഖകൾ ഒന്നും ഹാജരാക്കിയില്ലെങ്കിലും പെൺകുട്ടിക്ക് സർക്കാർ സ്കൂളിൽ പ്രവേശനം നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുകയായിരുന്നു. ഇതോടെ ജേ ജെം തിരുവനന്തപുരം തൈക്കാട് മോഡൽ ഗവൺമെന്റ് എൽ പി സ്കൂളിൽ മൂന്നാം ക്ലാസിൽ ചേർന്നു.
ജേ ജെമ്മിനെ പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്കൂളിൽ എത്തി നേരിൽ കണ്ടു. ജേ ജെമ്മിന്റെ വിദ്യാഭ്യാസത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.