Headlines

ജി സുധാകരനും ഭാര്യയും മനസ്സുകൊണ്ട് ബിജെപി അംഗത്വം സ്വീകരിച്ചവർ, വീട്ടിൽ പോയി ഷാൾ അണിയിച്ചുബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബി ഗോപാലകൃഷ്ണൻ



കണ്ണൂർ: സിപിഎം നേതാവ് ജി സുധാകരനും ഭാര്യയും മനസ്സുകൊണ്ട് ബിജെപി അംഗത്വം സ്വീകരിച്ചവരാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ. സുധാകരനെ വീട്ടിൽ പോയി കണ്ട് ഷോൾ അണിയിച്ചെന്നും ഒരു മണിക്കൂറോളം സംസാരിച്ചിരുന്നു എന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിനെ പോലെയായിരുന്നെങ്കിൽ ഇ പി ജയരാജൻ ഇപ്പോൾ ബിജെപി വേദിയിലുണ്ടാകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശിഷ്ട വ്യക്തിത്വങ്ങളെ പോയി കാണണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ചാണ് കമ്യൂണിസ്റ്റുകാർ യഥാർഥ സഖാവായി കണക്കാക്കുന്ന ജി സുധാകരനെ ഞാൻ വീട്ടിൽ പോയി കണ്ടത്. ഇക്കാര്യം പുറത്തു പറയേണ്ട എന്ന് തീരുമാനിച്ചതാണ്. പക്ഷേ പറയാതെ നിർവാഹമില്ല. ഇത് നടന്നിട്ട് അധിക കാലമൊന്നും ആയിട്ടില്ല. ജി സുധാകരനെ വീട്ടിൽ പോയി കണ്ട് ഷാൾ അണിയിക്കുകയും ഏകാത്മ മാനവ ദർശനം എന്ന പുസ്തകം സമ്മാനിക്കുകയും ചെയ്തു. അദ്ദേഹം എന്നെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടു പോയി. പിന്നീട് അദ്ദേഹത്തിന്റെ പത്നിയുമായി ഒരു മണിക്കൂറോളം സംസാരിച്ചു. ഞാൻ പറഞ്ഞ ഓരോ കാര്യങ്ങളും അവർ എണ്ണിയെണ്ണി പറ‍ഞ്ഞു. മനസ്സ് കൊണ്ട് ബിജെപിയുടെ അംഗത്വം സ്വീകരിച്ച ആളുകളാണ് ജി സുധാകരനും അദ്ദേഹത്തിന്റെ ഭാര്യയും എന്നതിൽ സംശയമില്ല’ – ഗോപാലകൃഷ്ണൻ പറഞ്ഞു.

ബിജെപി നേതൃത്വം അവധാനത കാണിക്കാതെ കോൺഗ്രസിനെ പോലെ ആയിരുന്നുവെങ്കിൽ കണ്ണൂരിലെ സഖാവായ ഇ പി ജയരാജൻ ഇപ്പോൾ ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തെ ബിജെപിയുടെ പ്രതിനിധിയോ ഗവർണറോ ആയിരുന്നേനെ. ഈ വേദിയിലും വന്ന് ഇരിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ ടി ജയകൃഷ്ണൻ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോർച്ചയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ നടത്തിയ റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോപാലകൃഷ്ണൻ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: