ഭുവനേശ്വർ: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യാത്രാതീവണ്ടികളടക്കം മൂന്ന് തീവണ്ടികള്‍ ആണ് ഉൾപ്പെട്ടത്. 280 പേര് മരിച്ചതായാണ് നിലവിലെ കണക്ക്. എന്നാൽ ഇനിയും ആളുകൾ ബോഗികളിൽ കുടുങ്ങി കിടക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. രാജ്യത്തെ നടുക്കിയ ഈ ദുരന്തം നടന്നപ്പോൾ 14 വർഷം മുൻപുള്ള മറ്റൊരു ട്രെയിൻ അപകടത്തിന്റെ ഓർമകൾ ആണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. അന്നത്തെ ആ ദുരന്തത്തിനും ഇന്ന് നടന്ന അപകടത്തിനും നിരവധി സമാനതകൾ ഉണ്ട്. 2009ൽ മറ്റൊരു വെള്ളിയാഴ്ച രാത്രി ഏഴു മണിക്കുശേഷം ഒഡീഷയിൽ തന്നെയായിരുന്നു അപകടം. അതിലേറെ വിചിത്രകരമെന്നോണം അപകടത്തിൽപെട്ടതും ഇതേ കോറമാണ്ഡൽ എക്‌സ്പ്രസായിരുന്നു.
2009 ഫെബ്രുവരി 13ന് ഒരു വെള്ളിയാഴ്ച രാത്രി ഏഴിനും എട്ടിനും ഇടയിലായിരുന്നു അപകടം. ഒഡീഷയിലെ ജജ്പൂർ ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മാറുന്നതിനിടെ ചെന്നൈ-കോറമാണ്ഡൽ എക്‌സ്പ്രസ് പാളംതെറ്റുകയായിരുന്നു. 11 സ്ലീപ്പർക്ലാസും രണ്ട് ജനറലും ഉൾപ്പെടെ 13 ബോഗികളാണ് പാളംതെറ്റിയത്. എൻജിൻ മറ്റൊരു ട്രാക്കിലേക്കും തെന്നിമാറി.
ഇതോടെ ട്രെയിനിൽനിന്ന് വേർപ്പെട്ട് 13 ബോഗികൾ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 7.30നും 7.40നും ഇടയിലായിരുന്നു സംഭവം. അപകടത്തിൽ 16 യാത്രക്കാർ മരിച്ചു. 161 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ദുഃഖവെള്ളിയായാണ് ആ ദിവസം വിശേഷിപ്പിക്കപ്പെട്ടത്.
14 വർഷത്തിനുശേഷമാണ് ഒരുപാട് സാമ്യതകളോടെ വീണ്ടും ഒഡീഷയെയും രാജ്യത്തെ ഒന്നാകെയും ഞെട്ടിച്ച് വീണ്ടും ട്രെയിൻ ദുരന്തം നടക്കുന്നത്. ഇത്തവണ മൂന്ന് ട്രെയിനുകളാണ് മിനിറ്റുകൾക്കകം അപകടത്തിൽപെട്ടത്. ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമാണ്ഡൽ എക്‌സ്പ്രസ്, യശ്വന്ത്പൂർ-ഹൗറ എക്‌സ്പ്രസ് എന്നീ പാസഞ്ചർ ട്രെയിനുകൾക്കൊപ്പം ഒരു ചരക്ക് ട്രെയിനും ചേർന്നായിരുന്നു ഇത്തവണ മഹാദുരന്തമുണ്ടായത്. ഹൗറയിലേക്ക് തിരിച്ച യശ്വന്ത്പൂർ ട്രെയിനിന്റെ ബോഗികൾ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. പിന്നാലെ ഇതുവഴി വന്ന കോറമാണ്ഡൽ എക്‌സ്പ്രസ് പാളംതെറ്റിയ കോച്ചുകളുമായി കൂട്ടിയിടിച്ചു. ഇതോടെ കോറമാണ്ഡൽ എക്‌സ്പ്രസ് മറ്റൊരു ട്രാക്കിലുണ്ടായിരുന്ന ചരക്ക് ട്രെയിനിലും കൂട്ടിയിടിക്കുകയായിരുന്നു.
സംഭവത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് പത്തു ലക്ഷം വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടു ലക്ഷവും നിസാര പരിക്കുള്ളവർക്ക് 50,000 രൂപയും കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷവും പരിക്കേറ്റവർക്ക് 50,000വും വേറെയും പ്രഖ്യാപിച്ചിട്ടുണ്ട്.
ബാലസോറിന് സമീപം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റി മറിഞ്ഞ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ എസ്എംവിടി-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. രണ്ടാമത്തെ ട്രെയിൻ 130 കിലോമീറ്റർ വേഗതയിലായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് അപകടത്തിൽപ്പെട്ട ബോഗികൾ തെറിച്ചു വീണു.
ട്രെയിനിൽ എത്ര പേരുണ്ടായിരുന്നുവെന്നതിലടക്കം ഇനിയും വ്യക്തതയായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആദ്യ അപകടമുണ്ടായ ശേഷം, അപായ മുന്നറിയിപ്പുകൾ ഫലപ്രദമായില്ലെന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. സിഗ്നലിംഗ് സംവിധാനം പാളിയതിനാൽ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നൽകാനും റെയിൽവേയ്ക്ക് കഴിഞ്ഞില്ല
