Headlines

ഗ്യാനേഷ് കുമാറും എസ്എസ് സന്ധുവും പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ



ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെ
രണ്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്ത് നിയമിച്ചതായി റിപ്പോര്‍ട്ട്. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐഎസ്എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ മൂന്നംഗ സമിതിയാണ് പുതിയ കമ്മീഷണര്‍മാരെ തെരഞ്ഞെടുത്തത്. ഇക്കാര്യം സമിതി അംഗമായ കോണ്‍ഗ്രസ് ലോക്‌സഭ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സ്ഥിരീകരിച്ചു. അന്തിമപട്ടിക തരാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതെയാണ് തെരഞ്ഞെടുപ്പെന്നും ഇക്കാര്യത്തില്‍ താന്‍ വിയോജനക്കുറിപ്പ് നല്‍കിയതായും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
കോ-ഓപ്പറേഷന്‍ വകുപ്പ് സെക്രട്ടറി, പാര്‍ലമെന്ററികാര്യ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാനേഷ് കുമാര്‍ 1988ലെ കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച ഡോ. സുഖ്ബീര്‍ സിങ് സന്ധു നാഷനല്‍ ഹൈവേ അതോറിറ്റി ചെയര്‍മാന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീ. സെക്രട്ടറി, മാനവവിഭവ വികസന വകുപ്പ് അഡീ. സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഫെബ്രുവരിയില്‍ അനുപ് ചന്ദ്ര പാണ്ഡെ വിരമിച്ച ശേഷം പകരം തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അരുണ്‍ ഗോയല്‍ കഴിഞ്ഞയാഴ്ച രാജിവെച്ച സാഹചര്യത്തില്‍ കമ്മീഷനില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രം ബാക്കിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ സമിതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്ന ഒരു കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും സെലക്ഷന്‍ സമിതിയില്‍ അംഗമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ അന്തിമ ചുരുക്കപ്പട്ടികയില്‍ ഉള്ളവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ കൈമാറിയിട്ടില്ലെന്ന് അധീര്‍ രഞ്ജന്‍ ചൗധരി കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു. വിവരങ്ങള്‍ ആവശ്യപ്പെട്ട് താന്‍ നിയമമന്ത്രാലയത്തിന് കത്ത് നല്‍കിയെങ്കിലും വിവരങ്ങള്‍ നല്‍കിയിരുന്നില്ലെന്നാണ് അദ്ദേഹം ആരോപിച്ചത്. നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് തലേന്ന് സര്‍ക്കാര്‍ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷര്‍മാരെയും നിയമിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ്ണ യോഗം ചേര്‍ന്നാകും ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയെന്ന് ഇന്നലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സൂചന നല്‍കിയിരുന്നു.
സെലക്ഷന്‍ സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി എത്തിയിരിക്കുന്നത്. സുതാര്യത മുന്‍ നിര്‍ത്തി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ അംഗങ്ങളായ സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഉത്തരവ് മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: