തിരുവനന്തപുരം: കാട്ടാക്കടയിൽ വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി കണ്ടെത്തി. കാട്ടാക്കട എക്സൈസ് വിഭാഗം കരുവിലാഞ്ചി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വീടിന്റെ ടെറസിൽ ഗ്രോ ബാഗിൽ നട്ട് പരിപാലിച്ചു വളർത്തിയ നാല് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ വി.എൻ.മഹേഷിന്റെ നേതൃത്വത്തിൽ സംഘമാണ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്.വീട്ടിലെ താമസക്കാരൻ ചക്കു എന്ന് വിളിക്കുന്ന ഷൈജു എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടു. ഇയാളെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. മയക്കുമരുന്നിന് അടിമയും നേരത്തെ ക്രിമിനൽ കേസിൽ പ്രതിയുമായ ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി എക്സൈസ് അറിയിച്ചു. കഞ്ചാവ് ചെടി നട്ടു വളർത്തുന്നത് നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റെൻസ് നിയമപ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റമാണ്.
