500 രൂപയ്ക്ക് ഗ്യാസ്, 75 രൂപയ്ക്ക് പെട്രോള്‍; സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ; ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി



ചെന്നൈ: നീറ്റ് പരീക്ഷ നിരോധിക്കുമെന്നും, ഗവര്‍ണര്‍മാരുടെ അധികാരം വെട്ടിക്കുറയ്ക്കുമെന്നും ഡിഎംകെ. ലോക്‌സഭ തെരഞ്ഞെടുപ്പിനായി ഡിഎംകെ പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ഈ വാദ്ഗാനങ്ങള്‍. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്.



രാജ്യത്തെ സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം നല്‍കും. ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കും. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കും. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കും. ഗവര്‍ണര്‍ക്ക് ക്രിമിനല്‍ നടപടികളില്‍ നിന്ന് പരിരക്ഷ നല്‍കുന്ന നിയമം ഭേദഗതി ചെയ്യും. പൗരത്വ നിയമം, ഏകീകൃത സിവില്‍കോഡ് എന്നിവ നടപ്പാക്കില്ല. തിരുക്കുറല്‍ ദേശീയ പുസ്തകമാക്കും.



പാചകവാതകം 500 രൂപയ്ക്ക് നല്‍കും. പെട്രോള്‍ വില 75 രൂപയും, ഡീസല്‍വില 65 രൂപയുമാക്കും. ദേശീയ പാതകളിലെ ടോള്‍ഗേറ്റുകളെല്ലാം ഒഴിവാക്കും. പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കും. സുപ്രീംകോടതിയുടെ ബ്രാഞ്ച് ചെന്നൈയില്‍ തുടങ്ങും. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന വിധത്തില്‍ ഭരണഘടന ഭേദഗതി ചെയ്യും. പ്രഭാതഭക്ഷണ പരിപാടി എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും നടപ്പാക്കും.

ഗവര്‍ണര്‍മാരെ നിയമിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന നിബന്ധന കൊണ്ടുവരും. ശ്രീലങ്കന്‍ തമിഴര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ഡിഎംകെ ആസ്ഥാനത്ത് കനിമൊഴി അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കിയത്. ഇതോടൊപ്പം ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി പട്ടികയും പ്രഖ്യാപിച്ചു.


ദയാനിധി മാരന്‍ ചെന്നൈ സെന്‍ട്രലിലും കനിമൊഴി തൂത്തുക്കുടിയിലും ടിആര്‍ ബാലു ശ്രീപെരുമ്പത്തൂരിലും മത്സരിക്കും. മുന്‍ കേന്ദ്രമന്ത്രി എ രാജ നീലഗിരിയില്‍ ജനവിധി തേടും. സിപിഎമ്മില്‍ നിന്നും ഡിഎംകെ ഏറ്റെടുത്ത കോയമ്പത്തൂരില്‍ മുന്‍ മേയര്‍ ഗണപതി പി രാജ്കുമാര്‍ ആണ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥികളില്‍ 11 പേര്‍ പുതുമുഖങ്ങളാണെന്നും ഡിഎംകെ നേതാക്കള്‍ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: