കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച, തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളിൽ എട്ട് മൃതദേഹങ്ങൾ സംസ്കരിച്ചു. പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിലാണ് സംസ്കാരച്ചടങ്ങുകൾ. ഒരേ നാട്ടിൽ ജീവിച്ച് ഒരുമിച്ച് ദുരന്തം കവർന്നെടുത്തവർക്ക് സർവമത പ്രാർത്ഥനയോടെ ജന്മനാട് വിടനൽകി. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകിട്ട് മന്ത്രി രാജൻ വാർത്താസമ്മേളനം നടത്തി അഴുകിത്തുടങ്ങിയ 8 മൃതദേഹങ്ങളാണ് സംസ്ക്കരിക്കുകയെന്ന് അറിയിക്കുകയായിരുന്നു.
67 ൽ 27 മൃതദേഹങ്ങളും മറ്റുളളവ ശരീരഭാഗങ്ങളുമാണ്. ഒരോ ശരീര ഭാഗവും ഓരോ മൃതദേഹങ്ങളായി കണക്കാക്കിയാകും സംസ്കരിക്കുക. നിലം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നിരത്തി സംസ്കരിക്കുന്നതിനുള്ള കുഴികൾ എടുത്തിരുന്നു. പുത്തുമലയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടൽ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിലാണ് കുഴികൾ എടുത്തത്. റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തി 64 സെന്റ് സ്ഥലമാണ് ഇതിനായി അളന്നു തിട്ടപ്പെടുത്തിയത്. കൂട്ട സംസ്കാരം നടത്തുന്നതിന് മുകളിലെ ഭൂമിയിലായി സർവ്വമത പ്രാർത്ഥന നടത്താനുള്ള പ്ലാറ്റ്ഫോമും തയാറാക്കി.
