തിരുവനന്തപുരം:ഏറെപ്രതിഷേധങ്ങളുയര്‍ത്തിയ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുപ്രകാരം 60 ശതമാനം വരെ നിരക്ക് കുറച്ചുകൊണ്ടുള്ള പരിഷ്‌കാരത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. 2023 ഏപ്രില്‍ ഒന്നി മുമ്പ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീര്‍ണത്തിനും ഒരേ നിരക്കായിരുന്നു ബാധകമായിരുന്നത്. എന്നാല്‍ 2023 ഏപ്രില്‍ ഒന്നിന് കെട്ടിടങ്ങളെ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തി. താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ വ്യത്യസ്തമായ നിരക്കാണ് ഏര്‍പ്പെടുത്തിയത്. ഈ ക്രമീകരണം തുടരുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണരൂപം നികുതി റിബേറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഒടുക്കേണ്ട ഒരു വര്‍ഷത്തെ വസ്തുനികുതി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമാസം, അതായത് ഏപ്രില്‍ 30നകം ഒടുക്കുകയാണെങ്കില്‍ അഞ്ചു ശതമാനം റിബേറ്റ് അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തനതു വരുമാനം എന്തിന് കൂട്ടണം? നാമമാത്രമായ പെര്‍മ്മിറ്റ് ഫീസായിരുന്നു മുന്‍പുണ്ടായിരുന്നത്. കാലാനുസൃതമായി പെര്‍മ്മിറ്റ് ഫീസ് വര്‍ധിപ്പിക്കാത്തത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും വരുമാനത്തെയും കാര്യമായി ബാധിച്ചപ്പോഴാണ് സര്‍ക്കാര്‍ പെര്‍മ്മിറ്റ് ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തത്. കേരളത്തിലെ നഗരസഭകളുടെ വരുമാനം സംസ്ഥാന ജിഡിപിയുടെ അനുപാതത്തില്‍ വര്‍ധിക്കണമെന്നത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ നിബന്ധനയാണ്. ഈ വരുമാനത്തിന്റെ തോത് കൈവരിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി 24 നഗരസഭകളുടെ ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനം വര്‍ധിപ്പിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സിഎജിയും സംസ്ഥാന ധനകാര്യ കമ്മീഷനും നിരന്തരം ആവശ്യപ്പെട്ടിരുന്നു. പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍, കോവിഡ് പോലുള്ള മഹാമാരികള്‍ തുടങ്ങിയവ മൂലമുള്ള അധികച്ചെലവും വരുമാന ശോഷണവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. കാലാനുസൃതവും നവീനവുമായ വികസന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാമ്പത്തികമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുക അനിവാര്യമാണ്. ഈ വസ്തുതകളുടെയും നിര്‍ദേശങ്ങളുടെയും നഗരസഭകളുടെ ആവശ്യത്തിന്റെയും ഭാഗമായാണ് സര്‍ക്കാര്‍ തനതുവരുമാനം വര്‍ധിപ്പിക്കാനുള്ള വിവിധ നടപടികളിലേക്ക് കടന്നത്.
പെര്‍മ്മിറ്റ് ഫീസ് ആര്‍ക്ക് ? പെര്‍മ്മിറ്റ് ഫീസായി ലഭിക്കുന്ന പണത്തില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാരിന് ലഭിക്കുന്നില്ല. ഇത് പൂര്‍ണമായും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ് ലഭിക്കുന്നത്, പ്രാദേശികമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത് ചെലവഴിക്കുന്നത്. പുതുക്കിയ പെര്‍മ്മിറ്റ് ഫീസ് വഴിയുള്ള തനതുവരുമാനവര്‍ധനവിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 177.9 കോടിയുടെ അധികവരുമാനമാണ് ലഭിച്ചത്. ഇത് പ്രാദേശികമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പൂര്‍ണമായും വിനിയോഗിച്ചത്. അങ്ങനെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനത്തിലെ വര്‍ധന, ആത്യന്തികമായി ജനങ്ങളുടെ പശ്ചാത്തല സൌകര്യവും ക്ഷേമവും വര്‍ധിക്കുന്നതിനാണ് പ്രയോജനപ്പെട്ടത് കാലോചിതമായി പെര്‍മ്മിറ്റ് ഫീസ് വര്‍ധിപ്പിക്കണമെന്നത് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ആവശ്യമായിരുന്നു. കാരണം പല സ്ഥാപനങ്ങള്‍ക്കും ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഈ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ ഗ്യാപ് ഫണ്ട് നല്‍കേണ്ടിവന്നിരുന്നു. വിവിധ നടപടികളിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശാക്തീകരിച്ചതിലൂടെ ഗ്യാപ് ഫണ്ട് ആവശ്യമായി വന്നിരുന്ന പഞ്ചായത്തുകളുടെ എണ്ണം 68ല്‍ നിന്ന് 45 ആയി കുറഞ്ഞു. മുന്‍സിപ്പാലിറ്റികളുടെ എണ്ണം 10 ല്‍ നിന്ന് 6 ആയിട്ടാണ് കുറഞ്ഞത്.

