‘സര്‍ക്കാര്‍ ഭൂമി കൈയേറി ഭക്തര്‍ ആരാധനാലയങ്ങള്‍ ഉണ്ടാക്കേണ്ടതില്ല’; പൊളിച്ചു നീക്കണമെന്ന് നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: സർക്കാർ ഭൂമിയിൽ നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. ഏതു മതത്തിന്റെയായാലും സര്‍ക്കാര്‍ ഭൂമിയില്‍ ആരാധനാലയങ്ങള്‍ അനുവദിക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ അനുമതിയില്ലാതെ കയ്യേറി നിർമിച്ച ആരാധാനാലയങ്ങൾ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ദൈവം സര്‍വശക്തനും സര്‍വവ്യാപിയുമാണ്. വിശ്വാസികളുടെ ശരീരത്തിലും വീട്ടിലും അവര്‍ പോവുന്നിടത്തെല്ലാം ദൈവമുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ ഭൂമി കൈയേറി ഭക്തര്‍ ആരാധനാലയങ്ങള്‍ ഉണ്ടാക്കേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി ഭൂമിയില്ലാത്തവര്‍ക്കും മനുഷ്യരാശിക്കും വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. അതില്‍ ദൈവത്തിനു സന്തോഷമേ ഉണ്ടാവൂ. അങ്ങനെ ഉപയോഗിച്ചാല്‍ ദൈവം വിശ്വാസികള്‍ക്കു മേല്‍ അനുഗ്രഹം ചൊരിയുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

പാട്ട ഭൂമിയില്‍നിന്ന് കയ്യേറ്റക്കാരനെ ഒഴിപ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം. കോര്‍പ്പറേഷനു പാട്ടത്തിനു നല്‍കിയ ഭൂമി അളന്നുതിരിച്ച് കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ആറു മാസത്തിനകം മത സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം. ജില്ലാ കലക്ടര്‍ക്കാണ് ഇതിന്റെ ചുമതലയെന്ന് കോടതി പറഞ്ഞു.

പരിശോധനയില്‍ ഏതെങ്കിലും മത സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ചതായി കണ്ടെത്തിയാല്‍ ജില്ലാ കലക്ടര്‍ അത് ഒഴിപ്പിക്കണം. ഒരു വര്‍ഷത്തിനകം വിധി നടപ്പാക്കി കോടതിക്കു റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: