തിരുവനന്തപുരം: അയ്യപ്പ സംഗമ വിവാദത്തിന് പിന്നാലെ ന്യൂനപക്ഷ കൂട്ടായ്മ സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഒക്ടോബര്‍ പകുതിയോടെ ഫോര്‍ട്ട് കൊച്ചിയില്‍ ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട സെമിനാര്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
2031ഓടെ കേരളം എങ്ങനെയായിരിക്കണമെന്ന വിഷയത്തില്‍ ആശയങ്ങള്‍ ശേഖരിക്കാന്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് 33 സെമിനാറുകളാണ് ഒക്ടോബറില്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിവിധ ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ഫോര്‍ട്ട് കൊച്ചിയില്‍ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ന്യൂനപക്ഷകാര്യ ക്ഷേമ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സംഗമത്തിനായി സംഘാടകസമിതി രൂപീകരിച്ചുവെന്നും സെമിനാറില്‍ പത്തു വര്‍ഷത്തെ നേട്ടങ്ങള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അവതരിപ്പിക്കുമെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ന്യൂനപക്ഷ വിഷയ മേഖലയിലെ പ്രബന്ധാവതരണവും ചര്‍ച്ചയും പരിപാടിയുടെ ഭാഗമായി നടത്തും. ന്യൂനപക്ഷ ക്ഷേമം, ന്യൂനപക്ഷ സമുദായങ്ങളുടെ ആവശ്യങ്ങള്‍ എന്നിവക്കൊപ്പം ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് നേരിടുന്ന വെല്ലുവിളികളും സംഗമത്തില്‍ ചര്‍ച്ച ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ബുദ്ധ, ജൈന വിഭാഗങ്ങളില്‍നിന്നുള്‍പ്പെടെയുള്ള പ്രതിനിധികള്‍ സെമനാറില്‍ പങ്കെടുക്കുമെന്നാണ് വിവരം.
