ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാറിന്റെ ലഫ്. ജനറലായ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും. കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റെടുത്ത് അഞ്ച് വര്‍ഷം പിന്നിട്ടു. ആരിഫ് മുഹമ്മദ് ഖാനെ മാറ്റി ഗവര്‍ണര്‍ സ്ഥാനമോ മറ്റൊരു പദവിയോ നല്‍കുമെന്ന് സൂചനകളുണ്ട്. നാവികസേന മുന്‍ മേധാവി കൂടിയാണ് ദേവേന്ദ്ര കുമാര്‍ ജോഷി.
വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ഗവര്‍ണര്‍ പദവികളില്‍ അഴിച്ചുപണിക്ക് ആണ് സാധ്യത. കേരളം, ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ പദവിയില്‍ തുടര്‍ച്ചയായി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പിന്നിട്ട സാഹചര്യത്തിലാണ് പുനഃസംഘടനയുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമാകും ഗവര്‍ണറെ മാറ്റുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള അടക്കമുള്ളവര്‍ക്കും മാറ്റം വന്നേക്കും.
ജമ്മു കശ്മീരില്‍ നാല് വര്‍ഷത്തിലേറെയായി ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹയ്ക്കായിരുന്നു ഭരണചുമതല. ജമ്മു കശ്മീരില്‍ രാം മാധവ് പുതിയതായി ചുമതലയേറ്റെടുത്തേക്കുമെന്നാണ് സൂചനകള്‍. ബിജെപിയുടെ മുന്‍ ദേശീയ സെക്രട്ടറി ആണ് രാം മാധവ്. ആനന്ദിബെന്‍ പട്ടേല്‍ അഞ്ച് വര്‍ഷത്തിലേറെയായി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആയി പ്രവര്‍ത്തിക്കുകയാണ്. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള, ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി എന്നിവര്‍ മൂന്ന് വര്‍ഷം വീതം ഒരേ പദവിയിലാണുള്ളത്. ഇതിലും മാറ്റമുണ്ടായേക്കാം.
ജമ്മു കശ്മീരിലേയും ഹരിയാനയിലേയും പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷമോ മഹാരാഷ്ട്രയിലേയും ജാര്‍ഖണ്ഡിലേയും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമോ ആയിരിക്കും പുനഃസംഘടന നടക്കുക എന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

