തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണം. അന്വേഷണ കമ്മീഷന്റെ ചുമതല ഹൈക്കോടതി മുൻ ജഡ്ജി എ.ഹരിപ്രസാദിനാണ്. വയനാട് മുൻ ഡിവൈഎസ്പി വി.ജി.കുഞ്ഞൻ അന്വേഷണത്തെ സഹായിക്കും. ചാൻസലറുടെ അധികാരമുപയോഗിച്ചാണ് ഗവർണറുടെ പുതിയ നീക്കം.
അതേസമയം, സിദ്ധാർഥന്റെ മരണം സംബന്ധിച്ച രേഖകൾ സിബിഐ അന്വേഷണത്തിനായി സംസ്ഥാനം കൈമാറി. സ്പെഷൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് പഴ്സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയത്. കേസ് സിബിഐയ്ക്കു വിടുന്നത് സർക്കാർ ഒരാഴ്ച വൈകിപ്പിച്ചിരുന്നു. വിജ്ഞാപനം ഇറങ്ങിയത് ഈ മാസം 9ന് ആണെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സിബിഐയെ അറിയിച്ചത് 16ന് ആണ്. സഹപാഠികൾ ക്രൂരമായി മർദിച്ചതിനു പിന്നാലെയാണു സിദ്ധാർഥനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
സിദ്ധാർഥന്റെ മാതാവിന്റെ അപേക്ഷ പിതാവാണു നേരിട്ടെത്തി മുഖ്യമന്ത്രിക്കു കൈമാറിയത്. സിബിഐ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. കുടുംബത്തിന്റെ ആവശ്യം അതാണെങ്കിൽ സിബിഐ അന്വേഷണം നടക്കട്ടെ എന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ പിതാവ് ജയപ്രകാശിനെ അറിയിച്ചത്. കേസന്വേഷണം സിബിഐയ്ക്കു വിട്ട് അന്നു വൈകിട്ട് ആഭ്യന്തരവകുപ്പ് വിജ്ഞാപനം ഇറക്കി. ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1946 പ്രകാരം വൈത്തിരി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് സിബിഐക്ക് കൈമാറുന്നതായാണു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, വിജ്ഞാപനത്തിന്റെ പകർപ്പ് സർക്കാരിന്റെ ആമുഖ കത്തോടെ സിബിഐയ്ക്കു കൈമാറാൻ ഒരാഴ്ച വൈകി.

