റാഞ്ചി:സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്വാറിനെ കണ്ട് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറന്‍. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നിയമസഭാ പാര്‍ട്ടി നേതാവായി സോറനെ ഇന്ത്യ സഖ്യ നേതാക്കള്‍ ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു. ഈ മാസം 28ന് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
‘ഞാന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യകക്ഷികളുടെ പിന്തുണ കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് നവംബര്‍ 28ന് നടക്കും’ ഗവര്‍ണറെ കണ്ടതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് ഹേമന്ത് സോറന്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് സോറന്‍ രാജി സമര്‍പ്പിച്ചിരുന്നു. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം ഇനി കാവല്‍ മുഖ്യമന്ത്രിയായി തുടരും.
ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹേമന്ത് സോറന്‍ ബാര്‍ഹെയ്ത് സീറ്റ് നിലനിര്‍ത്തിയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ഗാംലിയേല്‍ ഹെംബ്രോമിനെ 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. സോറന്‍ 95,612 വോട്ടുകള്‍ നേടിയപ്പോള്‍ ഹെംബ്രോമിന് 55,821 വോട്ടുകളാണ് ലഭിച്ചത്. ഝാര്‍ഖണ്ഡിലെ ഇന്ത്യന്‍ സഖ്യ നേതാവായി സോറനെ ഏകകണ്ഠമായി തെരഞ്ഞെടുത്തതായി കോണ്‍ഗ്രസ് നേതാവ് സുബോധ് കാന്ത് സഹായ് എഎന്‍ഐയെ അറിയിച്ചു.
