കണ്ണൂർ: ജയിൽ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ നഗരത്തിൽ ഒരു കിണറിനുള്ളിൽ നിന്നാണ് ഗോവിന്ദച്ചാമി പിടിയിലായത്. ഇന്നലെ രാത്രി രാത്രി 1 .15 ഓടു കൂടിയാണ് ഇയാൾ ജയിൽ ചാടിയത്. ജയിൽ സെല്ലിലെ കമ്പികൾ വളച്ചാണ് ഇയാൾ പുറത്തിറങ്ങിയത്. അതീവ സുരക്ഷയുള്ള ജയിലിലെ മതിൽകെട്ടിന് സമീപത്തേക്ക് ഇയാൾ നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. പത്താം ബ്ലോക്കിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. സുരക്ഷ കണക്കിലെടുത്ത് ഇയാളെ ഒറ്റക്ക് ആണ് സെല്ലിൽ പാർപ്പിച്ചിരുന്നത്. രാത്രി 1 .15 ന് രക്ഷപെട്ട ഗോവിന്ദ ചാമി സെല്ലിൽ ഇല്ലെന്ന് പോലീസ് അറിയുന്നത് രാവിലെ 7 മണിക്കാണ്. ഇയാൾക്ക് ഒരു കൈ മാത്രമേയുള്ളൂ. അതേസമയം ഇയാൾ അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല.
പ്രതിക്കായി പോലീസ് സംസ്ഥാന വ്യാപക തിരച്ചിൽ നടത്തുകയായിരുന്നു. സംസ്ഥാനത്തെ റെയിൽവേസ്റ്റേഷനുകളിലും പോലീസ് സ്റ്റേഷനുകളിലും ഉൾപ്പെടെ വ്യാപകമായ പരിശോധനയാണ് തുടരുകയായിരുന്നു. അടുത്ത ദിവസങ്ങളിൽ ഗോവിന്ദ ചാമിയെ ജയിലിൽ എത്തി കണ്ടവരുടെ വിവരങ്ങൾ പോലീസ് പരിശോധിച്ചു. ഇയാൾക്ക് പുറത്തുനിന്നുള്ള സഹായം ലഭ്യമായിട്ടുണ്ടെന്നാണ് സൂചന. അലക്കാനിട്ട വസ്ത്രങ്ങൾ കൂട്ടികെട്ടിയാണ് ഇയാൾ വളരെ ഉയരമുള്ള ജയിലിന്റെ മതിൽ ചാടിയത്.
2011 ഫെബ്രുവരി ഒന്നിന് ഷൊർണൂർ പാസഞ്ചർ ട്രെയിനിൽവെച്ച് സൗമ്യ എന്ന പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി എറണാകുളം- ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ട്രെയിനിൽനിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്. വധശിക്ഷ നൽകിയ തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചത്
