തിരുവനന്തപുരം സംസ്ഥാന ബഡ്ജറ്റിൽ കേരളത്തിലെ പൊതുവിതരണ ശൃംഖലയുടെ നട്ടെല്ലായ സപ്ലൈകോയ്ക്ക് തുക അനുവദിക്കാത്ത ധനകാര്യവകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും ചിറ്റമ്മ നയം തിരുത്തണമെന്ന് എ ഐ ടി യു സി ദേശീയ സമിതി അംഗവും ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സപ്ലൈകോയ്ക്ക് വിവിധ ഇനങ്ങളിലായി സർക്കാരിൽ നിന്നും നൽകാനുള്ളത് ഏകദേശം 3000 കോടി രൂപയാണ്. ഇത് ഉൾപ്പെടെ പൊതു വിപണി ഇടപെടലിനും ബഡ്ജറ്റിൽ തുക വകയിരുത്താത്തതും സംശയദൃഷ്ടിയോടെ മാത്രമേ കാണാൻ കഴിയുകയുള്ളൂ. ഇക്കഴിഞ്ഞ ഓണക്കാലം മുതൽ ക്രിസ്തുമസ്, പെരുന്നാൾ ഉൾപ്പെടെ ഉത്സവ നാളുകളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിൽ 13 ഇനം സബ്സിഡി സാധനങ്ങൾക്ക് ലഭ്യത കുറവ് ഉണ്ടാവുകയും ഇപ്പോൾ അത് പൂർണമായും ഇല്ലാത്ത അവസ്ഥയിലുമാണ്. കേരളത്തിൽ എക്കാലത്തും എൽഡിഎഫ് സർക്കാരുകൾക്ക് ജനകീയ മുഖം കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത് പൊതുവിതരണ മേഖലകളിലെ മെച്ചപ്പെട്ട പ്രവർത്തനങ്ങളാണ്. ഒരുകാലത്ത് പൊതുവിപണിയിലെ ചൂഷണത്തിനെതിരായാണ് മാവേലി സ്റ്റോറുകൾ എൽഡിഎഫ് സർക്കാർ ആരംഭിച്ചത്. ഇത് നിലനിർത്താൻ സർക്കാർ തയ്യാറാകണം.
സപ്ലൈകോടുള്ള അവഗണന ഇടതുപക്ഷ സർക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനമാണ്. ദുരിത കാലത്തെ ഭക്ഷ്യദാന്യ കിറ്റ് വിതരണവും പൊതുവിപണിയിലെ സർക്കാരിന്റെ ഇടപെടലുമാണ് രണ്ടാം ഇടതുപക്ഷ സർക്കാരിന് വഴിയൊരുക്കിയത്. എന്നാൽ ഇതിനെതിരെയുള്ള സർക്കാരിന്റെ അലംഭാവം കോർപ്പറേറ്റ് കുത്തകകളെ സഹായിക്കാൻ മാത്രമേ ഉതകുകയുള്ളു . ഈ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിലും കൂലിയും ലഭിക്കാതെ ആശങ്കയിലാണ് ജീവിക്കുന്നത്. സപ്ലൈകോയെ സംരക്ഷിക്കാനും വിപണി ഇടപെടലിലൂടെ വിലക്കയറ്റം തടയാനും തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാനും സർക്കാർ തയ്യാറാകണമെന്ന് മീനാങ്കൽ കുമാർ പ്രസ്താവനയിലുടെ ആവശ്യപ്പെട്ടു.
