തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ വിവരങ്ങളെല്ലാം ഇനി പൊലീസിന്റെ വിരൽത്തുമ്പിൽ ആകും. ഇതിനായി വിപുലമായ ഡാറ്റാബാങ്ക് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള പൊലീസ്. തൊഴിലാളികളുടെ ആധാറും ബയോമെട്രിക് വിവരവുമെല്ലാം ഉൾപ്പെടുത്തിയാണ് ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നത്. ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഏറ്റവുമധികം തൊഴിലാളികൾ എത്തുന്നത്. എത്ര പേർ തൊഴിലെടുക്കുന്നുവെന്നും കേരളത്തിൽ ജീവിക്കുന്നുവെന്നുമുള്ള പൂർണ്ണ വിവരം നിലവിൽ ലഭ്യമല്ല. ഇതരസംസ്ഥാന തൊഴിലാളികളുൾപ്പെട്ട കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനയുള്ള സാഹചര്യത്തിലാണ് പുതിയ തീരുമാനം. പ്രത്യേക ചോദ്യാവലി തയ്യാറാക്കി വിവരശേഖരണം നടത്താൻ സംസ്ഥാന പൊലീസ് മേധാവി ഷെയ്‌ഖ് ദർവേഷ് സാഹിബ് നിർദ്ദേശം നൽകി. തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ. നിശാന്തിനിയാണ് നോഡൽ ഓഫീസർ.
ഒരോ പ്രദേശങ്ങളിലുമുള്ള അതിഥിത്തൊഴിലാളികളുടെ വിവരം അതാത് സ്റ്റേഷനിലെ ജനമൈത്രി പൊലീസ് ശേഖരിക്കും.
താമസസ്ഥലത്തും തൊഴിലിടങ്ങളിലുമെത്തിയാണ് വിവരശേഖരണം നടത്തുന്നത്. പൂർണ്ണ വിലാസം, കഴിഞ്ഞ മൂന്നു വർഷം ജോലി ചെയ്‌ത സ്ഥലം, കേരളത്തിൽ ജീവിച്ച സ്ഥലം, കുടുംബപശ്ചാത്തലം, വിരലടയാളം തുടങ്ങിയവയെല്ലാം ഇതിലുണ്ടാകും. ഈ വിവരം പൊലീസുകാരുടെ ഫോണിൽ നിന്ന് തന്നെ ഡാറ്റാബേസിലേക്ക് അപ്‌ലോഡ് ചെയ്യാനാകും. നേരത്തെ കോവിഡ് കാലത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്ക് സർക്കാരും പൊലീസും ശേഖരിച്ചിരുന്നു. പിന്നീട് വന്നവരുടെയും തിരിച്ചുപോയവരുടെയും വിവരങ്ങൾ ഡാറ്റാബാങ്കിൽ ഉൾപ്പെടുത്തും
അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് കൃത്യമായ ബോധവത്കരണവും കർശന നടപടികളും ആവശ്യമാണ്. തൊഴിലുടമകൾ, ലോഡ്ജുകൾ, കോൺട്രാക്ടർമാർ തുടങ്ങിയവരുടെ സഹായവും സഹകരണവും അനിവാര്യമാണ്. കൃത്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാത്തവരെ ജോലിയ്ക്ക് വയ്ക്കാതിരിക്കാനും ലോഡ്ജുകളിൽ താമസിപ്പിക്കാതിരിക്കാനും കർശന നിർദ്ദേശം നൽകണം. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ അടക്കം സ്വീകരിക്കുന്ന സാഹചര്യമുണ്ടായാലേ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണമെന്ന ഈ ദൗത്യം പൂർണ്ണതയിലെത്തിക്കാൻ കഴിയൂ.
