അഹമ്മദാബാദ്: ഐപിഎൽ 2024 സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ നയിക്കും. ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരികെപ്പോയതിനു പിന്നാലെയാണ് ഗുജറാത്ത് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുന്നത്. 2022-ൽ നായകനായെത്തി ആദ്യ സീസണിൽ തന്നെ ടീമിന് കിരീടം നേടിക്കൊടുക്കുകയും അടുത്ത സീസണിൽ ഫൈനലിലെത്തിക്കുകയും ചെയ്ത ഹാർദിക്കിന്റെ മികവ് ആവർത്തിക്കുക എന്നതായിരിക്കും വരുന്ന സീസണിൽ ഗില്ലിന് മുമ്പിലുള്ള പ്രധാന വെല്ലുവിളി.
ടൈറ്റൻസിനായി കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 59.33 ശരാശരിയിൽ മൂന്ന് സെഞ്ചുറികളും നാല് അർധസെഞ്ചുറികളും സഹിതം 890 റൺസ് നേടിയ താരമായിരുന്നു ഗിൽ. ഐപിഎൽ ക്യാപ്റ്റൻസിയിൽ തിളങ്ങാനായാൽ ഭാവിയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്താനും ഗില്ലിന് സാധ്യതയുണ്ട്. ഇന്ത്യൻ ടീമിന്റെ ഭാവി ക്യാപ്റ്റനെന്ന നിലയിൽ നേരത്തേ തന്നെ ഗില്ലിന്റെ പേര് ഉയർന്നുകേട്ടിരുന്നു.
2011ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായക സ്ഥാനത്ത് 22ാം വയസില്‍ എത്തിയ വിരാട് കോഹ്ലിക്കു ശേഷം ഒരു ടീമിന്റെ സ്ഥിര നായകനായി ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ശുഭ്മാന്‍ ഗില്‍ മാറി.
തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിലും അര്‍പ്പിച്ച വിശ്വാസത്തിനും ഗില്‍ ഗുജറാത്ത് ടീമിനു നന്ദി പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണിലും ടീം നടത്തിയ മുന്നേറ്റം വരുന്ന സീസണിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നും താരം പ്രത്യാശ പ്രകടിപ്പിച്ചു.
