ആഴ്ചകളായി ഒരു നിഗൂഢതയായി തുടരുന്ന ഒന്നാണ് മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലെ നിരവധി നിവാസികളുടെ പെട്ടെന്നുള്ള മുടി കൊഴിച്ചിൽ. ഇപ്പോഴിതാ റേഷൻ കടയിൽ നിന്ന് വിതരണം ചെയ്ത ഗോതമ്പാണ് ഇതിന് കാരണമെന്നാണ് പത്മശ്രീ ഡോ. ഹിമ്മത്റാവു ബവാസ്കർ നടത്തിയ പഠനം സൂചിപ്പിക്കുന്നത്.
പൊതുവിതരണ സമ്പ്രദായം (പിഡിഎസ്) പ്രകാരം വിതരണം ചെയ്യുന്ന ഗോതമ്പിൽ ഉയർന്ന അളവിൽ സെലിനിയം അടങ്ങിയിട്ടുണ്ടെന്നും അതേസമയം അതിലെ സിങ്കിന്റെ അളവ് ഗണ്യമായി കുറവാണെന്നും ഡോ. ബവാസ്കറിന്റെ ഒരു മാസം നീണ്ടുനിന്ന പഠനത്തിൽ കണ്ടെത്തി. നിരവധി സാംപിളുകൾ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച് നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് കണ്ടെത്തൽ.
തലവേദന, പനി, തല ചൊറിച്ചിൽ, ഛർദ്ദിൽ, വയറിളക്കം അടക്കമുള്ള ലക്ഷണത്തോടെയായിരുന്നു ഗ്രാമവാസികളിൽ ഏറിയ പങ്കിനും മുടി കൊഴിച്ചിൽ ആരംഭിച്ചത്. പ്രാദേശികമായ വളർത്തുന്ന ഗോതമ്പിനേക്കാൾ 600 തവണയോളം അധികമാണ് റേഷൻ കടയിലൂടെ വിതരണം ചെയ്ത ഗോതമ്പിലെ സെലീനിയത്തിന്റെ സാന്നിധ്യമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. രക്തം, മൂത്രം, മുടി സാംപിൾ പരിശോധനയിലും സെലീനിയത്തിന്റെ ഉയർന്ന സാന്നിധ്യം സ്ഥിരീകരിക്കാനായിട്ടുണ്ടെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ഗോതമ്പ് സാമ്പിളുകൾ താനെയിലെ വെർണി അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു, അവിടെ സെലിനിയത്തിന്റെ അളവ് 14.52 മില്ലിഗ്രാം/കിലോഗ്രാം ആണെന്ന് കണ്ടെത്തി – ഇത് സാധാരണ 1.9 മില്ലിഗ്രാം/കിലോഗ്രാമിനേക്കാൾ വളരെ കൂടുതലാണ്. ഈ ഗോതമ്പു ചരക്കുകളെല്ലാം പഞ്ചാബിൽ നിന്നാണ് വന്നതെന്ന് ഡോ. ബവാസ്‌കർ ചൂണ്ടിക്കാട്ടി.
2024 ഡിസംബർ മുതൽ 2025 ജനുവരി വരെ 18 ഗ്രാമങ്ങളിലായി ഏകദേശം 300 വ്യക്തികൾക്കാണ് അസാധാരണമായ രീതിയിൽ മുടി പൊഴിച്ചിൽ അനുഭവപ്പെട്ടത്. അവരിൽ പലരും കോളേജ് വിദ്യാർത്ഥികളും പെൺകുട്ടികളുമാണ്. എട്ട് വയസ്സ് മുതൽ 72 വയസ്സ് വരെയുള്ള ആളുകൾക്ക് വരെയാണ് കഷണ്ടി വന്നത്. കഴിച്ച ഗോതമ്പാണ് വില്ലനെന്ന് തിരിച്ചറിഞ്ഞതോടെ ജനങ്ങളും പരിഭ്രാന്തിയിലാണ്.
മുടികൊഴിച്ചിൽ തുടങ്ങിയാൽ ഒരാഴ്ച കൊണ്ട് തലയിൽ ഒരു മുടി പോലും ഇല്ലാതെ എല്ലാം കൊഴിഞ്ഞു പോകുന്നു. വെറുതെയൊന്ന് തൊടുമ്പോഴും, ബലം പ്രയോഗിക്കാതെ വലിക്കുമ്പോഴും മുടി ഒന്നാകെ കൊഴിഞ്ഞുവീഴുന്നത് മാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുന്നിൽ നിരവധിപ്പേർ കാണിച്ചുകൊടുത്തിരുന്നു. തലയിൽ ചില ഭാഗങ്ങളിൽ മാത്രം മുടി പൂർണമായി കൊഴിഞ്ഞു പോയവരുമുണ്ട്. ഭയന്നു പോയ ഗ്രാമവാസികളിൽ നിരവധിപ്പേർ ചികിത്സ തേടിയതോടെയാണ് സംഭവം ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) ശാസ്ത്രജ്ഞർ ആ പ്രദേശത്തുനിന്ന് വെള്ളത്തിന്റെയും മണ്ണിന്റെയും സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു, മുടി കൊഴിച്ചിൽ അനുഭവപ്പെട്ടവരുടെ രക്തത്തിൽ ഉയർന്ന അളവിലുള്ള സെലിനിയം കണ്ടെത്തിയിരുന്നു. ഐസിഎംആർ അവരുടെ അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു, പക്ഷേ അതിന്റെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല