ബിഎസ്എൻഎല്ലിന് മാത്രം സന്തോഷം; വരിക്കാരെ നഷ്ടപ്പെട്ട് ജിയോയും എയർടെലും വൊഡഫോൺ ഐഡിയയും



        

റിലയൻസ് ജിയോക്കും എയർടെലിനും വൊഡഫോൺ ഐഡിയക്കും വരിക്കാരെ വൻതോതിൽ നഷ്ടമായപ്പോഴും തല ഉയർത്തിപ്പിടിച്ച് ബിഎസ്എൻഎൽ. നിരക്കുകളുയർത്തിയ ടെലികോം കമ്പനികളുടെ നിലപാടിന് പിന്നാലെയാണ് കഴിഞ്ഞ രണ്ട് മാസമായി കൊഴിഞ്ഞുപോക്ക് തുടരുന്നത്.

ഓഗസ്റ്റിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ജിയോക്ക് 40 ലക്ഷവും എയർടെലിന് 24 ലക്ഷവും വരിക്കാരെ നഷ്ടമായി. വൊഡഫോൺ ഐഡിയക്ക് 18 ലക്ഷം പേരെയാണ് നഷ്ടമായത്. ജൂലൈയിൽ നിരക്ക് വർധന നടപ്പാക്കിയതിന് പിന്നാലെയാണ് കമ്പനികൾക്ക് വൻതോതിൽ തിരിച്ചടി നേരിട്ടത്.

നിരക്ക് വർധനയ്ക്ക് തയ്യാറാകാതിരുന്ന ബിഎസ്എൻഎല്ലിന് 25 ലക്ഷം ഉപഭോക്താക്കൾ കൂടി. ഇതോടെ ജിയോയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണം ഓഗസ്റ്റിൽ 471.74 ദശലക്ഷമായി. എയർടെലിൻ്റെ വരിക്കാർ 385 ദശലക്ഷവും വൊഡഫോൺ ഐഡിയയുടേത് 214 ദശലക്ഷവുമായി.

വരിക്കാരുടെ എണ്ണത്തിലെ ഇടിവ് സ്വകാര്യ കമ്പനികൾക്ക് വയർലെസ് സബ്സ്ക്രൈബർമാരുടെ എണ്ണം കുറയാനും കാരണമായി. ഇപ്പോഴും ടെലികോം വിപണിയുടെ 40 ശതമാനം ജിയോയുടെ കൈവശമാണ്. എയർടെലിന് 33 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. വൊഡഫോൺ ഐഡിയയുടേത് 18 ശതമാനമാണ്. ബിഎസ്എൻഎൽ നില മെച്ചപ്പെടുത്തി 7.84 ശതമാനത്തിലേക്ക് ഉയർന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: