ദുർമരണങ്ങൾക്ക് പൂജ ചെയ്യണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലെത്തി പീഡനം; 36കാരന് എട്ട് വർഷം കഠിന തടവ്

മലപ്പുറം : ദുർമരണങ്ങൾക്ക് പൂജ ചെയ്യണമെന്ന് പറഞ്ഞ് വീട്ടിലെത്തിയ പൂജാരി പൂജാകർമ്മങ്ങൾക്കിടെ 16കാരിയെ പീഡിപ്പിച്ചെന്ന കേസിൽ പൂജാരിക്ക് എട്ട് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. എടക്കര സ്വദേശി പി ബി ഷിജുവിനാണ് (36) മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

പരാതിക്കാരിയുടെ കുടുംബത്തിൽ നിരന്തരമായി സംഭവിച്ചു കൊണ്ടിരിക്കുന്ന മരണങ്ങൾക്ക് നിർബന്ധമായും പൂജ ചെയ്യണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി വീട്ടിലെത്തിയത്. 2023 മെയ് 30ന് പൂജ ചെയ്യാനെത്തിയ പ്രതി വീടിന്റെ ഡൈനിങ് ഹാളിൽ വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പൂജാകർമ്മങ്ങൾക്കിടെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ വീടിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റി നിർത്തിയായിരുന്നു പീഡനം. സംഭവം പുറത്തുപറഞ്ഞാൽ പൂജ കൊണ്ട് ഫലം ലഭിക്കില്ലെന്ന് കുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞിരുന്നില്ല.

എന്നാൽ സ്‌കൂളിലെത്തിയ കുട്ടി ഫോൺ വഴി ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ നിർദ്ദേശ പ്രകാരം ജൂൺ എട്ടിന് കുട്ടിയുടെ മൊഴിയെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. എടവണ്ണ പൊലീസ് സബ് ഇൻസ്‌പെക്ടറായിരുന്ന വി വിജയരാജൻ ആണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എ സോമസുന്ദരൻ 14 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 13 രേഖകളും ഹാജരാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: