തിരുവനന്തപുരം: അടിമുടി ദുരൂഹതകളും അഭ്യൂഹങ്ങളും നിലനിന്നിരുന്ന ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ ഒടുവില്‍ യഥാർഥചിത്രം തെളിയുന്നു
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മാവൻ ഹരികുമാർ മാത്രമാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹത നീങ്ങുന്നത്.
കസ്റ്റഡിയിലായിരുന്ന പ്രതി ഹരികുമാർ കേസില്‍ കുറ്റംസമ്മതിച്ചതായി അന്വേഷണസംഘം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം പ്രതി ഹരികുമാർ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അന്വേഷണസംഘം പുറത്തുവിട്ടു. ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും സംഭവദിവസം രാത്രി ഹരികുമാറിന്റെ മുറിയിലെത്തിയ ശ്രീതു കുഞ്ഞ് കരഞ്ഞതിനാല്‍ തിരികെ പോയതുമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
കുഞ്ഞ് കരഞ്ഞതിനാല്‍ അന്നേദിവസം രാത്രി സഹോദരി ഹരികുമാറിന്റെ മുറിയില്‍ കഴിഞ്ഞില്ല. ഇതിനുപിന്നാലെയാണ് സഹോദരിയോടുള്ള വൈരാഗ്യത്തില്‍ പിറ്റേദിവസം പുലർച്ചെ പ്രതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
തുടക്കം മുതല്‍ ദുരൂഹത
ജനുവരി 30-ന് രാവിലെയാണ് ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലർച്ചെ 5.15-ഓടെ കാണാതായെന്നായിരുന്നു പരാതി. തുടർന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാവിലെ എട്ടുമണിയോടെ വീടിന് സമീപത്തെ കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്.
കുഞ്ഞിന്റെ മരണത്തില്‍ തുടക്കം മുതലേ ദുരൂഹതനിലനിന്നിരുന്നു. ആള്‍മറയുള്ള കിണറ്റിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതെന്നത് സംഭവം കൊലപാതകമാണെന്ന സംശയത്തിന് ആക്കംകൂട്ടി. ഇതിനിടെ വീട്ടിലെ മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധവും കയർ കുരുക്കിട്ടനിലയില്‍ കണ്ടെത്തിയതും ദുരൂഹത വർധിപ്പിച്ചു. പിന്നാലെ കുഞ്ഞിന്റെ അമ്മ ശ്രീതുവിനെയും അച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഒപ്പം കുഞ്ഞിന്റെ മാതൃസഹോദരനായ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തു. ഈ ചോദ്യംചെയ്യലിലാണ് ഹരികുമാർ പോലീസിനോട് ആദ്യ കുറ്റസമ്മതം നടത്തിയത്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് താനാണെന്ന് ഹരികുമാർ തുറന്നുപറഞ്ഞു. എന്നാല്‍, പ്രതിയുടെ പല മൊഴികളിലും അടിമുടി വൈരുദ്ധ്യം നിലനിന്നിരുന്നതിനാല്‍ പോലീസ് വിശദമായ അന്വേഷണം നടത്തി.
കുഞ്ഞിന്റെ കൊലപാതകത്തില്‍ ഹരികുമാറിന് പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിച്ചത്. കുഞ്ഞിന്റെ അമ്മ ശ്രീതുവായിരുന്നു സംശയമുള്ളവരുടെ പട്ടികയില്‍ ഒന്നാമത്. ശ്രീതുവിനെ പോലീസ് വിശദമായി ചോദ്യംചെയ്തു. ഇതിനിടെ കുഞ്ഞിന്റെ പിതാവിനെ പോലീസ് വിട്ടയച്ചു. ശ്രീതുവും സഹോദരൻ ഹരികുമാറും താമസിക്കുന്ന വീട്ടില്‍ യുവതിയുടെ ഭർത്താവ് അധികം വരാറില്ലെന്ന് നാട്ടുകാരും മൊഴിനല്‍കിയിരുന്നു.
സംശയമുണർത്തി വാട്സാപ്പ് ചാറ്റുകള്‍…
കുഞ്ഞിന്റെ മരണത്തില്‍ പ്രതി ഹരികുമാറിനെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ, ഹരികുമാറും സഹോദരി ശ്രീതുവും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തലേദിവസം രാത്രി വരെ ഇരുവരും ഫോണില്‍ ചാറ്റ് ചെയ്തിരുന്നതായി ഇതില്‍ കണ്ടെത്തി. ഒരേവീട്ടില്‍ താമസിച്ചിട്ടും ഇരുവർക്കും വാട്സാപ്പ് വഴി എന്താണിത്ര സംസാരിക്കാനുള്ളതെന്ന് ചോദ്യമായി അവശേഷിച്ചു. ഇതിനിടെ, ഇവരുടെ ഫോണില്‍നിന്ന് നീക്കംചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും തുടങ്ങി.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെ ശ്രീതുവിന്റെയും ഹരികുമാറിന്റെയും വീട്ടില്‍ മന്ത്രവാദവും പൂജകളും നടന്നിരുന്നതായുള്ള ആരോപണങ്ങള്‍ നാട്ടുകാരില്‍നിന്ന് ഉയർന്നത്. കുടുംബത്തിന് വലിയ സാമ്ബത്തികബാധ്യതയുണ്ടായിരുന്നതായും ആരോപണമുണ്ടായി. ശ്രീതുവിനെതിരേ സാമ്ബത്തികതട്ടിപ്പിലും പരാതി ഉയർന്നു. മന്ത്രവാദത്തിന്റെ ഭാഗമായാണോ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന സംശയവും ഈ ഘട്ടത്തില്‍ ബലപ്പെട്ടു. തുടർന്ന് കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന ജ്യോത്സ്യനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇദ്ദേഹത്തെ പിന്നീട് വിട്ടയക്കുകയും ചെയ്തു. താൻ ആരുടെയും ആത്മീയഗുരുവല്ലെന്നും ജ്യോതിഷി മാത്രമാണെന്നും ബാലരാമപുരത്തെ കുടുംബവുമായി അടുത്തബന്ധമില്ലെന്നും ഇദ്ദേഹം പ്രതികരിച്ചിരുന്നു.
സാമ്ബത്തിക തട്ടിപ്പില്‍ ശ്രീതു അറസ്റ്റില്‍…
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മാവൻ ഹരികുമാർ അറസ്റ്റിലായതിന് ദിവസങ്ങള്‍ക്കുള്ളില്‍ സാമ്ബത്തിക തട്ടിപ്പ് കേസില്‍ കുഞ്ഞിന്റെ അമ്മ ശ്രീതുവും പോലീസിന്റെ പിടിയിലായി. ദേവസ്വംബോർഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് ശ്രീതുവിനെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ഹരികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങി പോലീസ് വീണ്ടും വിശദമായി ചോദ്യംചെയ്തു. ഈ ചോദ്യംചെയ്യലിലാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ പ്രതി ഹരികുമാർ മാത്രമാണെന്ന് പോലീസ് ഉറപ്പിച്ചത്.
വഴിവിട്ട ബന്ധം, വാട്സാപ്പ് ചാറ്റ്, കൊലപാതകം ഇങ്ങനെ…
ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നു. ജനുവരി 29-ന് രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്കുവരാൻ ഹരികുമാർ വാട്സാപ്പില്‍ സന്ദേശമയച്ചു. ശ്രീതു മുറിയിലെത്തിയെങ്കിലും കുഞ്ഞ് കരഞ്ഞതിനാല്‍ തിരികെപ്പോയി. തുടർന്നാണ് അടുത്ത ദിവസം പുലർച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്നാണ് പ്രതിയുടെ മൊഴി. ശ്രീതു പുലർച്ചെ ശൗചാലയത്തിലേക്ക് പോയ തക്കത്തിലാണ് ഹരികുമാർ കുഞ്ഞിനെയും എടുത്ത് പുറത്തേക്കിറങ്ങിയത്. തുടർന്ന് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
ഹരികുമാറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിച്ചതിനാല്‍ നെയ്യാറ്റിൻകര കോടതിയില്‍ ഹാജരാക്കി. തുടർന്ന് പ്രതിയെ കോടതി വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.
