ആലപ്പുഴ: കായംകുളത്തിന് പിന്നാലെ ഹരിപ്പാട് സിപിഎമ്മിലും കൂട്ടരാജി. ഹരിപ്പാട് കുമാരപുരത്ത് 36 സിപിഎം അംഗങ്ങളാണ് രാജിവച്ചത്. കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കും രാജിക്കത്ത് നൽകി. വിഭാഗീയതയുടെ ഭാഗമായുള്ള പ്രശ്നങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് വിവരം.
കായംകുളം പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മാവേലി സ്റ്റോർ ബ്രാഞ്ച് കമ്മിറ്റിയിലെ 14 അംഗങ്ങളിൽ 12 പേരും കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് രണ്ട് സ്ത്രീകളടക്കം രാജിക്കത്ത് നൽകിയത്. ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ഷാം പാർട്ടി അംഗം മോഹനൻ പിള്ള എന്നിവരെ വാർഡ് സഭയിലെ തർക്കത്തെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെയുള്ള കൂട്ടരാജി.
ലോക്കൽ, ബ്രാഞ്ച് ഭാരവാഹികൾക്കെതിരെ എടുത്ത നടപടി റിപ്പോർട്ട് ചെയ്യാൻ വിളിച്ചുചേർത്ത ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷ അംഗങ്ങളും നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയി. പ്രാദേശിക വിഭാഗീയതയുടെ ഭാഗമായാണ് പാർട്ടി സമ്മേളനം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇരുവർക്കുമെതിരെ ഉണ്ടായ അച്ചടക്ക നടപടിയെന്ന ആക്ഷേപമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പാർട്ടി അംഗങ്ങൾ പാർട്ടി വിടുമെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനയച്ച കത്തിലെ പരാമർശം. എന്നാൽ ഏരിയ കമ്മിറ്റിക്ക് ആരും രാജിക്കത്ത് നൽകിയിട്ടില്ലെന്ന് കായംകുളം സിപിഎം ഏരിയ സെക്രട്ടറി അരവിന്ദാക്ഷൻ വ്യക്തമാക്കി

