വൈദികനെന്ന പേരിൽ വീട്ടിലെത്തി പ്രാർഥിച്ചു, വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നു; പ്രതി പിടിയിൽ


   

അടൂർ : വൈദികനാണെന്നും, പള്ളിയിൽനിന്ന്‌ ലോൺ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞ് വീട്ടിൽക്കയറി പ്രാർഥിച്ചശേഷം വയോധികയുടെ മാലയും പൊട്ടിച്ച്‌ കടന്നുകളഞ്ഞയാൾ പിടിയിലായി.

തിരുവനന്തപുരം കാഞ്ഞിരംകുളം കണ്ണംകോട്ടേജിൽ ഷിബു എസ്. നായരെയാണ് (47) അടൂർ പോലീസ് അറസ്റ്റുചെയ്തത്. വിവിധ ജില്ലകളിലായി 36 കേസിൽ പ്രതിയാണ്. പിടികൂടി സ്റ്റേഷനിലെ ലോക്കപ്പിലെത്തിച്ചയുടൻ വിസർജനം നടത്തിയ ഇയാൾ പോലീസിനുനേരേ മലം വാരിയെറിയുകയും ചെയ്തു. ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു.

ഏനാദിമംഗലം ചാങ്കൂർ തോട്ടപ്പാലം പാലത്തിങ്കൽ മഞ്ജുസദനത്തിൽ മറിയാമ്മയുടെ സ്വർണമാലയാണ് പൊട്ടിച്ചത്. 2024 ഓഗസ്റ്റിൽ തൃശ്ശൂരിൽ അപകടത്തിൽ പരിക്കേറ്റ ഷിബുവിനെ ആംബുലൻസിൽ കൊണ്ടുപോകുമ്പോൾ നഴ്സിന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി. ഈ കേസിൽ ജയിലിലായിരുന്നു. ഒക്ടോബർ 30-നാണ് പുറത്തിറങ്ങിയത്.

നവംബർ ഒന്നിന് ഉച്ചയ്ക്ക് 12-നാണ് മറിയാമ്മയുടെ വീട്ടിൽ ഷിബു എത്തിയത്. പള്ളിയിൽനിന്ന്‌ മകൾ മോളിക്ക് ഒരു ലോൺ അനുവദിച്ചതായി ഇവരോട് പറഞ്ഞു. തുടർനടപടികൾക്കായി ആയിരം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇതുകേട്ട മറിയാമ്മ വീടിനുള്ളിൽച്ചെന്ന് രൂപ എടുത്തുകൊണ്ടുവരുമ്പോൾ അത് തട്ടിപ്പറിച്ചശേഷം കഴുത്തിൽക്കിടന്ന സ്വർണമാലയും പൊട്ടിച്ച് ഓടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മറിയാമ്മയുടെ മകൾ മോളി തൊഴിലുറപ്പ് പണിക്ക് പോയിരിക്കുകയായിരുന്നു. മുണ്ടക്കയത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.



Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: