കൽപ്പറ്റ: മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി വയനാട് സ്വദേശിനിയായ യുവതിയിൽ നിന്ന് പണം തട്ടിയയാളെ സൈബർ പോലീസ് പിടികൂടി. എറണാകുളം ആലങ്ങാട് കോട്ടപ്പുറം സ്വദേശിയായ ദേവധേയം വീട്ടിൽ വി.എസ് രതീഷ്‌മോൻ (37) ആണ് വയനാട് സൈബർ പോലീസ് എറണാകുളത്ത് വച്ച് പിടികൂടിയത്. മാട്രിമോണി സൈറ്റ് വഴി യുവതിയുമായി സൗഹൃദം ഉണ്ടാക്കിയ ഇയാൾ പിന്നീട് പണം ആവശ്യപ്പെടുകയായിരുന്നു. മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഇയാൾ പ്രൊഫൈൽ ഉണ്ടാക്കിയതെന്നും പോലീസ് കണ്ടെത്തി. പലപ്പോഴായി യുവതിയിൽ നിന്നും 85,000 രൂപ ഇയാൾ തട്ടിയെടുത്തത്.
പ്രൊഫൈൽ വഴി പരിചയപ്പെട്ട യുവതിയെ ഫോണിലൂടെയും വാട്സ്ആപ്പ് വഴിയും ബന്ധപ്പെട്ടു. പിന്നീട് യുവതിയുടെ ബന്ധുക്കളെയും ബന്ധിപ്പിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞു. ശേഷം ജനുവരിയിൽ യുവതിയിൽ നിന്നും ഓൺലൈൻ ബാങ്കിംഗ് വഴി 85,000 രൂപ യുവാവ് തട്ടിയെടുത്തു. പിന്നീട് ഇയാൾ യുവതിയുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി. ഇതിൽ സംശയം തോന്നിയ യുവതി നമ്പർ പരിശോധിച്ചപ്പോൾ ഇയാൾ ബ്ലോക്ക് ചെയ്തതായി കണ്ടെത്തി. ഇതോടാണ് ഇവർ പോലീസിനെ വിവരമറിയിച്ചത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് വർഷം മുമ്പ് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുണ്ടെന്ന് കണ്ടെത്തി. പ്രതി ഇത്തരത്തിൽ കൂടുതൽ പേരിൽ നിന്നും പണം തട്ടിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരുന്നു. ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ഷാജു ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.കെ നജീബ്, സിവിൽ പൊലീസ് ഓഫീസർമാരായ എസ്. വിനീഷ, പി.പി പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
