പരവൂർ: കൊല്ലത്ത് അയൽവാസിയുടെ പശുവിനെ മോഷ്ടിച്ച് കൊന്ന് തിന്ന യുവാവ് പിടിയിൽ. ചിറക്കര സ്വദേശി ജയകൃഷ്ണനാണ് പോലീസിന്റെ പിടിയിലായത്. ചിറക്കര സ്വദേശിയായ ജയപ്രസാദിന്റെ പശുവാണ് മോഷണം പോയത്. തൊഴുത്തിൽ നിന്ന് കെട്ടഴിഞ്ഞ് പോയതാകാം എന്നാണ് ഉടമസ്ഥൻ ആദ്യ കരുതിയത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് കൊടും ക്രൂരത പുറത്തായത്.
ജയകൃഷ്ണൻ പശുവിനെ വീട്ടിലെത്തിച്ച ശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മാസം കുത്തിക്കീറിയെടുത്ത് കറിവെച്ചു കഴിച്ചു. പശുവിനെ കടത്തിക്കൊണ്ട് വരാൻ മറ്റൊരാളുടെ സഹായവും പ്രതി തേടിയിരുന്നു. എന്നാൽ അയാൾ സഹായിക്കാൻ തയ്യാറായില്ല.
ജയപ്രസാദിന്‍റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീടിന്‍റെ പിൻവശത്ത് പശുവിന്റെ ശരീര അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. നിരവധി അടിപിടി കേസുകളിലും ലഹരി കേസിലും പ്രതിയാണ് അറസ്റ്റിലായ ജയകൃഷണൻ. ക്രിസ്മസ് ദിവസവും കൊല്ലത്ത് ഒരു പശു മോഷണം പോയിരുന്നു. കരുനാഗപ്പള്ളി സ്വദേശിയായ സുശീലയുടെ വീട്ടിൽ നിന്നാണ് പശുവിനെ കാണാതായത്. കരുനാഗപ്പള്ളി പൊലീസിന് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പശുവിനെ മോഷ്ടിച്ച കറവക്കാരൻ പിടിയിലായിരുന്നു. സുശീലയുടെ അയല്‍വാസിയും പശുവിന്‍റെ കറവക്കാരനും കൂടിയായ നൗഷാദ് ആണ് അറസ്റ്റിലായത്.
കരുനാഗപ്പള്ളി പൊലീസ് പ്രദേശത്തും മറ്റും നടത്തിയ അന്വേഷണത്തില്‍ പശുവിനെ കൊണ്ടു പോയ വാഹനത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നു. ഈ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നൗഷാദ് ആണ് മോഷ്ടാവെന്ന് പൊലീസിനെ മനസ്സിലാകുന്നത്. പിന്നീട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പശുവിനെ ഇറച്ചി വെട്ടുകാര്‍ക്ക് വിറ്റതാണെന്ന് കണ്ടെത്തി. തുടർന്ന് കരുനാഗപ്പള്ളി പൊലീസ് വയോധികയുടെ ഉപജീവന മാര്‍ഗമായ പശുവിനെ ഇറച്ചി വെട്ടുകാരില്‍ നിന്നും തിരികെ വാങ്ങി നൽകുകയായിരുന്നു.
