ബെഗുസാരായി : ജീവിതത്തിൽ ഏറ്റവും വിഷമം നൽകുന്നത് വിശ്വാസവഞ്ചനയാണ് . അതും സ്വന്തം ജീവിതപങ്കാളിയിൽ നിന്ന് തന്നെയായാൽ ആർക്കും താങ്ങാനുമാകില്ല. ബീഹാറിലെ ബെഗുസരായിയിലാണ് ഇത്തരമൊരു സംഭവം നടന്നത്. കൂലിപ്പണിയെടുത്ത് തന്നെ പഠിപ്പിച്ച ഭർത്താവിനെയാണ് ജോലി കിട്ടി അല്പനാളുകൾക്കുള്ളിൽ ഭാര്യ ഉപേക്ഷിച്ചത്.
2013 ജൂൺ 15 നാണ് ദർഹ ഗ്രാമവാസിയായ വിജയ് കുമാറും സാഹേബ്പൂർ സൻഹ ഗ്രാമത്തിൽ താമസിക്കുന്ന റോഷ്‌നി കുമാരിയും വിവാഹിതരായത്. വിവാഹശേഷം പഠിക്കാനുള്ള ആഗ്രഹം റോഷ്‌നി പ്രകടിപ്പിച്ചു. എതിർപ്പുകളൊന്നും പറഞ്ഞില്ലെന്ന് മാത്രമല്ല റോഷ്നിയെ പഠിപ്പിക്കാനായി കൂലിപ്പണി ചെയ്യാനും വിജയകുമാർ തയ്യാറായി.
ഭാര്യയുടെ പഠനത്തിനും വീട്ടുചെലവുകൾക്കുമായി വിജയകുമാർ ധർമകാന്തയിൽ ജോലി ചെയ്യാൻ തുടങ്ങി. പഠനകാലം കഴിഞ്ഞു, റോഷ്നിക്ക് 2022 ഒക്ടോബറിൽ ബീഹാർ പൊലീസിൽ കോൺസ്റ്റബിളായി ജോലി കിട്ടി. പരിശീലനത്തിനായി പോയ റോഷ്‌നി കുറച്ച് ദിവസം ചെല്ലുന്തോറും ഭർത്താവിൽ നിന്ന് അകലാൻ തുടങ്ങി. പിന്നാലെ റോഷ്‌നി വിവാഹബന്ധം വേർപ്പെടുത്താനും ആവശ്യപ്പെട്ടു. എന്നാൽ ഭാര്യയെ ആശ്വസിപ്പിക്കാൻ വിജയകുമാർ ശ്രമിച്ചെങ്കിലും രമ്യതയിൽ പോകാൻ റോഷ്നി തയ്യാറായില്ല.
മാത്രമല്ല റോഷ്നിയുടെ വീട്ടുകാരും ഇതിനായി വിജയകുമാറിനെ ഭീഷണിപ്പെടുത്താൻ തുടങ്ങി . ഇരു വീട്ടുകാരും തമ്മിലുള്ള സംസാരം ഒടുവിൽ കൈയ്യാങ്കളിയിൽ കലാശിച്ചതോടെ പൊലീസ് എത്തുകയും ഇരു കൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

