Headlines

മുറിയിൽ പൂട്ടിയിട്ട്  ഉപദ്രവിച്ചു, ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു; മൊബൈൽ ഫോൺ നിവിന്റെ കൈയിൽ, നിവിൻപോളിക്കെതിരെ പരാതിക്കാരി

കൊച്ചി: തന്നെ അറിയില്ലെന്ന നടൻ നിവിൻ പോളിയുടെ വാദം പച്ചക്കള്ളമാണെന്ന് പരാതിക്കാരി. നിർമാതാവ് തൃശൂർ സ്വദേശി എ.കെ.സുനിലും നടൻ നിവിൻ പോളിയും ഉൾപ്പെടുന്ന സംഘം മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചതായിട്ടാണ് യുവതിയുടെ ആരോപണം. മൂന്നുദിവസം ഉപദ്രവം തുടർന്നു. ഭക്ഷണവും വെള്ളവും തന്നില്ല. ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു. ഭർത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ആ സമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിവിൻ പോളിയുടെ കൈവശമാണ്. അതുകൊണ്ടാണ് നിവിൻ പോളി ധൈര്യമായി രംഗത്ത് വന്നത്. ആരോപണം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും പരാതിക്കാരി പറഞ്ഞു. പീഡിപ്പിച്ചതായി പരാതി നൽകിയെങ്കിലും തെളിവില്ലെന്നു പറഞ്ഞ് പൊലീസ് കേസ് അവസാനിപ്പിച്ചെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

ദുബായിലെത്തിച്ചു പീഡിപ്പിച്ചതായുള്ള നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ നടൻ നിവിൻ പോളി ഉൾപ്പെടെ 6 പേർക്കെതിരെ ഊന്നുകൽ പൊലീസ് കേസെടുത്തിരുന്നു. നിവിൻ 6–ാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് എ.കെ.സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണു മറ്റു പ്രതികൾ.

പരാതിക്കാരി പറയുന്നത്: ‘‘ദുബായിൽവച്ചാണ് യുവതിയെ പരിചയപ്പെട്ടത്. യൂറോപ്പിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് 3 ലക്ഷം രൂപ വാങ്ങി. പണം തിരികെ ചോദിച്ചപ്പോൾ ഉഴപ്പി. പിന്നീട് സിനിമയിൽ അഭിനയിക്കാൻ അവസരം ഉണ്ടാക്കാമെന്ന് പറഞ്ഞ് നിർമാതാവ് എ.കെ.സുനിലിനെ പരിചയപ്പെടുത്തി. ഹോട്ടലിൽ അഭിമുഖത്തിന് പോയപ്പോൾ ശാരീരികമായി ഉപദ്രവിച്ചു. സുനിലിന്റെ കുടുംബം ഇതറിഞ്ഞപ്പോൾ, അയാളുടെ ഗുണ്ടകൾ എന്നപേരിലാണ് മറ്റുള്ളവരെ പരിചയപ്പെട്ടത്.

അവരുടെ മുറിക്ക് അടുത്ത് മറ്റൊരു മുറിയെടുത്ത് മൂന്ന് ദിവസം എന്നെ പൂട്ടിയിട്ടു. ഭക്ഷണവും വെള്ളവും തന്നില്ല. ലഹരിമരുന്ന് കലക്കിയ വെള്ളം തന്നു. ഭർത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ഫോൺ നിവിൻപോളിയും സംഘവും ബലം പ്രയോഗിച്ച് പിടിച്ചെടുത്തു. അതിനാലാണ് തെളിവില്ല എന്ന് അവർ പറയുന്നത്’’. – യുവതി ആരോപിച്ചു.

‘‘ സിനിമാ സംഘം ഭീഷണിപ്പെടുത്തിയതിന്റെ ചാറ്റുകൾ ഫോണിലുണ്ടായിരുന്നു. ഞാൻ ഒറ്റയ്ക്കാണ്. അവരൊരു സംഘമാണ്. അവരുടെ സംഘത്തിൽ ചേരാത്തതിനാലാണ് പീഡനം അനുഭവിക്കേണ്ടി വന്നത്. നിരവധി പെൺകുട്ടികൾ ഇതുപോലെ കെണിയിൽപ്പെട്ടിട്ടുണ്ട്. തന്നെ പീഡിപ്പിച്ചതായി ആദ്യ പരാതിയിൽ തന്നെ പറഞ്ഞിരുന്നു. സിഐയ്ക്ക് മൊഴി കൊടുത്തു. സുനിലും സംഘവും സമൂഹ മാധ്യമത്തിൽ ഫോട്ടോയിട്ട് ഹണിട്രാപ്പ് ദമ്പതികളാണെന്നു പറഞ്ഞ് തന്നെ അപമാനിച്ചു. അതിനും പരാതി കൊടുത്തു. ദുബായിൽ നടന്ന കാര്യങ്ങൾക്ക് തെളിവില്ല എന്നാണ് പൊലീസ് പറഞ്ഞത്. 2023 നവംബർ, ഡിസംബർ മാസങ്ങളിലാണ് സംഭവമുണ്ടായത്. ഡിസംബർ 17ന് ദുബായിൽനിന്ന് തിരിച്ചുവന്നു. പരാതിയുമായി മുന്നോട്ടുപോകും. ഗുണ്ടകളെ വിട്ട് ആക്രമിക്കുമെന്ന് ഭീഷണിയുണ്ട്’’–യുവതി പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: