കോഴിക്കോട്: കേന്ദ്രനിർദ്ദേശ പ്രകാരം ആരോഗ്യകേന്ദ്രങ്ങളുടെ പേരുമാറ്റവും നിറം മാറ്റവും നടപ്പാക്കാത്തതിനാൽ കേരളത്തിലെ ആരോഗ്യകേന്ദ്രങ്ങൾ പ്രതിസന്ധിയിൽ. ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം). ബ്രാൻഡിങ്ങിന്റെ ഭാഗമായി പേരുമാറ്റാത്ത കേരളത്തോട്
കേന്ദ്രം ‘പിണങ്ങി’ ഫണ്ട് തടഞ്ഞതോടെ പ്രവർത്തനങ്ങൾ അടിമുടി താളംതെറ്റി. എൻ.എച്ച്.എമ്മിനു കീഴിലെ ജീവനക്കാരുടെ ശമ്പളം മുതൽ ഫോഗിങ് വരെ മുടങ്ങിയിരിക്കുകയാണ്. അവസാനം, കഴിഞ്ഞദിവസം ആരോഗ്യകേന്ദ്രങ്ങളുടെ പേരുമാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചെങ്കിലും അത് നടപ്പാവാൻ ഇനിയും ദിവസങ്ങളെടുക്കും.
ഡോക്ടർമാരും നഴ്‌സുമാരുംമുതൽ ഓഫീസ് ജീവനക്കാർവരെയുള്ളവർക്ക് മേയിലെ ശമ്പളം ഇനിയും ലഭിച്ചിട്ടില്ല. ഈ വർഷം ആദ്യംമുതൽ ശമ്പളം വൈകുന്നത് പതിവാണെന്ന് ജീവനക്കാർ പറയുന്നു. ജനുവരി, ഫെബ്രുവരി മാസത്തിലും ശമ്പളം ലഭിച്ചിരുന്നില്ല. എല്ലാംകൂടി മാർച്ച് അവസാനത്തോടെയാണ് കിട്ടിയത്. എൻ.എച്ച്.എമ്മിനു കീഴിൽ സംസ്ഥാനത്ത് 13,000-ഓളം ജീവനക്കാരാണുള്ളത്. എൻ.എച്ച്.എമ്മിന്റെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവുമാണ് സഹായം നൽകുന്നത്. ഇതിൽ കഴിഞ്ഞ സാമ്പത്തികവർഷവും ഈ സാമ്പത്തികവർഷവും കേന്ദ്രത്തിൽനിന്ന് ഫണ്ടൊന്നും ലഭിച്ചില്ല.

ആരോഗ്യകേന്ദ്രങ്ങളുടെ പേര് ‘ആയുഷ്മാൻ ആരോഗ്യമന്ദിർ’ എന്ന് മാറ്റാനും കെട്ടിടങ്ങൾക്ക് മഞ്ഞ മെറ്റൽ കളർ പെയിന്റടിക്കാനുമായിരുന്നു കേന്ദ്രസർക്കാരിന്റെ നിർദേശം. ഇതിൽ എത്‌നിക് ബ്രൗൺ കളറിൽ പേരെഴുതാനും നിർദേശിച്ചിട്ടുണ്ട്. നിലവിൽ എൻ.എച്ച്.എമ്മിന്റെ ജീവനക്കാർക്ക് സർക്കാർ സർവീസിലുള്ളവരേക്കാൾ വളരെ കുറഞ്ഞശമ്പളമാണ് ലഭിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. അതും ലഭിക്കാത്ത അവസ്ഥയിലായതോടെ ജീവനക്കാർ ഏറെ പ്രതിസന്ധിയിലാണ്.
സംസ്ഥാന സർക്കാർ ഒരുവർഷം മുൻപേ ശമ്പളപരിഷ്കരണം പ്രഖ്യാപിച്ചെങ്കിലും ഫണ്ടിന്റെ അപര്യാപ്തതകാരണം ഇതുവരെ നടപ്പായിട്ടില്ലെന്ന് നാഷണൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് യൂണിയൻ ട്രഷറർ വി. റാൻഡോൾഫ് പറഞ്ഞു. ഫണ്ട് മുടങ്ങിയതോടെ മഴയ്ക്ക് മുന്നോടിയായുള്ള എൻ.എച്ച്.എമ്മിന്റെ പ്രതിരോധപ്രവർത്തനങ്ങളും അവതാളത്തിലായി. ഫോഗിങ്, ഡെങ്കിപ്പനി ഉൾപ്പെടെയുള്ളവയ്ക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇറക്കാറുള്ള നോട്ടീസ് വിതരണം, ബോർഡ് വെക്കൽ എന്നിവയെല്ലാം മുടങ്ങി.

പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിൽ കൊണ്ടുവിടുന്ന മാതൃയാനം പദ്ധതി, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, നഴ്‌സുമാർ സ്കൂളുകൾ സന്ദർശിക്കുന്ന പദ്ധതി തുടങ്ങിയവയും നിലച്ച അവസ്ഥയിലാണ്.
