ഗുജറാത്ത്: ഗുജറാത്തിൽ മിന്നലേറ്റ് 20 പേർ മരിച്ചു.ഞായറാഴ്ച മുതൽ പെയ്യുന്ന ശക്തമായ മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മിന്നലേറ്റ് ചിലയിടങ്ങളിൽ കന്നുകാലികളും ചത്തിട്ടുണ്ട്.
ശക്തമായ മഴയിൽ വ്യാപകമായ കൃഷിനാശവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ കണക്കനുസരിച്ച് ഗുജറാത്തിലെ 251 താലൂക്കുകളിൽ 220 എണ്ണത്തിലും ഞായറാഴ്‌ച പത്ത് മണിക്കൂറിനിടെ 50 മില്ലീമീറ്റർ വരെ മഴ ചെയ്‌തു.
സൂറത്ത്, സുരേന്ദ്രനഗർ, ഖേദ, തപി, ബഹാറുച്, അമ്രേലി തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയാണ് പെയ്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
വടക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള സൗരാഷ്‌ട്ര- കച്ച് മേഖലകളിലും ചുഴലിക്കാറ്റ് രൂപപ്പെട്ടതാണ് മഴയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
