ചെന്നൈ: കനത്ത മഴയിൽ തമിഴ്നാട്ടിൽ റയിൽപാളം ഒലിച്ചുപോയി. ഇതോടെ അഞ്ഞൂറോളം യാത്രക്കാർ പ്രളയജലത്തിന് നടുവിൽ അകപ്പെട്ടു എന്നാണ് റിപ്പോർട്ട്. തൂത്തുക്കുടിയിലെ ശ്രീവൈകുണ്ഡം റെയിൽവേസ്റ്റേഷനിലാണ് ട്രെയിൻ യാത്രക്കാർ അകപ്പെട്ടത്. ട്രെയിനിലുണ്ടായിരുന്ന എണ്ണൂറോളം യാത്രക്കാരിൽ 300 യാത്രക്കാരെ തൊട്ടടുത്ത ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയെങ്കിലും അവശേഷിക്കുന്ന അഞ്ഞൂറോളം പേർ ചുറ്റിനും പ്രളയജലം നിറഞ്ഞതിനാൽ കുടുങ്ങിപ്പോയി. 24 മണിക്കൂറിന് ശേഷവും ഇവരെ പുറത്തെത്തിക്കാനായില്ല എന്നാണ് റിപ്പോർട്ട്.
തൂത്തുക്കുടിയിലെ ശ്രീവൈകുണ്ഡം റെയിൽവേസ്റ്റേഷനിലാണ് യാത്രക്കാർ കുടുങ്ങിയത്. ഇവർക്ക് ആശ്വാസമെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ക്ഷേത്രനഗരമായ തിരുച്ചെന്തൂരിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന എക്സ്പ്രസ് (20606) ഞായറാഴ്ച രാത്രി 9.20-ഓടെ തൂത്തുക്കുടിയിലെ ശ്രീവൈകുണ്ഡം സ്റ്റേഷനിൽനിന്ന് പുറപ്പെടാനിരിക്കേയാണ് മുന്നിലെ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയതായി റെയിൽവേ എൻജിനിയറിങ് വിഭാഗം മുന്നറിയിപ്പുനൽകിയത്. ഇതോടെ തീവണ്ടി യാത്ര റദ്ദാക്കി. എണ്ണൂറോളം യാത്രക്കാരാണ് വണ്ടിയിലുണ്ടായിരുന്നത്. സമയോചിതമായ മുന്നറിയിപ്പു ലഭിച്ചതുകൊണ്ട് വൻദുരന്തം ഒഴിവായി.
വണ്ടിയിലെ യാത്രക്കാരിൽ 300 പേരെ ബസിലും വാനിലുമായി തൊട്ടടുത്ത സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. അപ്പോഴേക്കും ചുറ്റും പ്രളയജലം ഉയർന്നതുകാരണം ബാക്കിയുള്ള 500-ഓളം പേർക്ക് 24 മണിക്കൂറിനുശേഷവും പുറത്തിറങ്ങാനായില്ല. ബോട്ടുകളിൽ ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളും വിജയിച്ചിട്ടില്ല. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും ഇവർക്ക് ഭക്ഷണവും അടിയന്തര സഹായവും എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും റെയിൽവേ അറിയിച്ചു. തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡത്ത് 24 മണിക്കൂറിനിടെ 62 സെന്റീമീറ്റർ മഴ പെയ്തെന്നാണ് കാലാവസ്ഥാനിരീക്ഷണ വിഭാഗത്തിന്റെ കണക്ക്.
