സംസ്ഥാനത്ത് അതിതീവ്രമഴ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളിൽ റെഡ് അലർട്ട്, ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ് തുടരുന്നു. ഇന്നും നാളെയും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിചിരിക്കുന്നത്.

കണ്ണൂർ, കാസർകോട് ഒഴികെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രതയ്ക്ക് നിർദേശം ഉണ്ട്.

കേരള തീരത്ത് മീൻപിടിത്തത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയുടെ മലയോര മേഖലയിൽ വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. തമിഴ്നാടിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് ശക്തമായ മഴ തുടരുന്നത്. കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കും എന്നാണ് വിലയിരുത്തൽ.

അതേസമയം, കാലാവസ്ഥ വകുപ്പ് ഇന്ന് ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിരിക്കണമെന്ന് വിവിധ വകുപ്പുകൾക്ക് ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശം. കളക്ടറേറ്റിലും അഞ്ച് താലൂക്കുകളിലും കൺട്രോൾ റൂം തുറന്നു. മാറ്റിപ്പാർപ്പിക്കേണ്ട അളുകളുടെ പട്ടിക തയ്യാറാക്കാനും ക്യാമ്പുകൾ തുടങ്ങുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്താനും റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മലങ്കര ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്കെത്തിയാൽ ആറു ഷട്ടറുകളും ഒരു മീറ്റർ വരെ ഉയർത്താൻ കളക്ടർ അനുമതി നൽകി.



തിരുവനന്തപുരത്ത് ഇന്നലെ രാത്രി ശക്തമായ മഴയാണ് പെയ്തത്. തിരുവനന്തപുരം എയർപോർട്ട് സ്റ്റേഷനിൽ ആറ് മണിക്കൂറിനിടെ 144 മി.മീ മഴ (4.30 വരെയുള്ള AWS കണക്ക് ) ആണ് പെയ്തത്. കോട്ടയം ജില്ലയിൽ രാത്രിയിൽ പലയിടങ്ങളിലും മഴപെയ്തെങ്കിലും കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല . രാവിലെ ഇപ്പോൾ മഴ മാറി നിൽക്കുകയാണ് .മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ച് ചിറക്കടവിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട് . ഇത് ഒഴിച്ചു നിർത്തിയാൽ ജില്ലയിൽ എവിടെയും ദുരിതാശ്വാസക്യാമ്പുകൾ തുറന്നിട്ടില്ല . ജില്ലയിൽ ഖനന നിരോധനം ഇന്നുമുതൽ ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട് .കോട്ടയത്ത് ഇന്നും റെഡ് അലർട്ട് തുടരും .

പത്തനംതിട്ട ജില്ലയുടെ വനമേഖലയിൽ രാത്രി മഴ പെയ്തെങ്കിലും പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. മലയോര മേഖലയിൽ അതീവ ജാഗ്രത തുടരുന്നു. റെഡ് അലർട്ടുമായി ബന്ധപ്പെട്ട ഒഴിപ്പിക്കൽ ഉത്തരവ് ഇന്നലെ ഇറങ്ങിയിരുന്നു. മഴ ശക്തമായാൽ മാത്രമാകും നടപടി. രാത്രി യാത്ര നിരോധനം ഉൾപ്പെടെ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: