കൊച്ചി: അധിക്ഷേപ പരാമർശ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻഡിലായി ജയിലിൽ കഴിഞ്ഞുവന്ന ബോബി ചെമ്മണ്ണൂരിന് ആശ്വാസം. ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈകോടതി രാവിലെ വാക്കാൽ പറഞ്ഞിരുന്നു. ഇതേത്തുടർന്നുള്ള വിശദമായ ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തുടർച്ചയായി ഇത്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുന്നയാളാണ് ബോബി ചെമ്മണ്ണൂരെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. പോലീസ് കസ്റ്റഡി ഉൾപ്പെടെയുള്ള കാര്യങ്ങൾ കോടതി പരിശോധിച്ചു വരികയാണ്. കസ്റ്റഡി ഇനി ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചു. ഹണി റോസ് പങ്കെടുത്ത പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ഡബിൾ മീനിങ് ഇല്ല എന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് ചോദിച്ചു. ജാമ്യ ഹർജിയിൽ തന്നെ നടിയെ അപമാനിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം പരാമർശങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ പൊതുജനം മനസിലാക്കണമെന്നും കോടതി പറഞ്ഞു.
