വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണ കേസിലെ പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി കാമ്പസിൽ പ്രവേശനം ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവ്. നേരത്തെ 17 വിദ്യാർത്ഥികളെ ഡി ബാർ ചെയ്ത നടപടി കോടതി റദ്ദാക്കിയിരുന്നു. വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കോടതി നിർദ്ദേശം നൽകി. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർവകലാശാലയുടെ റിവ്യൂ ഹർജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല.
പ്രതികളായ വിദ്യാർത്ഥികൾക്ക് കഴിഞ്ഞവർഷം ഒക്ടോബറിൽ ക്ലാസുകൾ ആരംഭിച്ചു. ഇതിൽ ചില വിദ്യാർത്ഥികൾക്ക് അടുത്ത മാസം ക്ലാസ് ആരംഭിക്കാനിരിക്കെയാണ് റിവ്യൂ ഹർജി കോടതി പരിഗണിച്ചത്. വിദ്യാർത്ഥികൾക്ക് മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.
കേസിൽ പ്രതികളായിരുന്ന 19 വിദ്യാർത്ഥികൾക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 2024 ഫെബ്രുവരിയിലാണ് സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ ഹോസ്റ്റലിൽ കണ്ടെത്തിയത്. സീനിയർ വിദ്യാർത്ഥികളും സഹപാഠികളും ചേർന്ന് സിദ്ധാർത്ഥനെ ക്രൂരമർദനത്തിന് ഇരയാക്കിയതിനെ തുടർന്ന് സിദ്ധാർത്ഥൻ ജീവനൊടുക്കിയതാണ് കേസ്.
