കൊച്ചി: യു.എ.പി.എ ചുമത്തിയ കേസുകളിൽ അത്യപൂർവ സാഹചര്യത്തിലല്ലാതെ മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്ന് ഹൈകോടതി. നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന 20-ാം പ്രതി പെരിന്തൽമണ്ണ സ്വദേശി അഹമ്മദ് കുട്ടി പൊതിയിലിന്റെ മുൻകൂർ ജാമ്യ ഹർജി തള്ളിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. എൻ.ഐ.എ പ്രത്യേക കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
തീവ്രവാദക്കുറ്റം ചുമത്തിയതിനെതിരെ ഹൈകോടതിയുടെ നിരീക്ഷണമടക്കം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്. മറ്റു പ്രതികളുടെ മൊഴിയല്ലാതെ ഹർജിക്കാരനെതിരെ അന്വേഷണ ഏജൻസി കൂടുതൽ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ഒരു വാദം. ഇതേ കേസിൽ മറ്റു പ്രതികൾക്ക് ജാമ്യം ലഭിച്ചതും ചൂണ്ടിക്കാട്ടി.
എന്നാൽ, യു.എ.പി.എ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയതിനാൽ നിയമത്തിലെ 43-ാം വകുപ്പനുസരിച്ച് മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്ന് എൻ.ഐ.എക്കുവേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ വാദിച്ചു. അതേസമയം, പട്ടികജാതി -പട്ടികവർഗ പീഡന നിരോധന നിയമത്തിലും സമാന വകുപ്പുണ്ടെന്നും ഇത് പ്രകാരം മുൻകൂർ ജാമ്യത്തിന് അർഹതയുണ്ടെന്നും ഹരജിക്കാരനും ചൂണ്ടിക്കാട്ടി. കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് മുൻകൂർ ജാമ്യം അനുവദിക്കാവുന്നതാണെന്നും ബോധിപ്പിച്ചു.