Headlines

ഹേമ കമ്മിറ്റി റിപ്പോർട്ട്  പരിശോധിക്കാനുള്ള  ഹൈക്കോടതി തീരുമാനം സ്വാഗതം ചെയ്യുന്നു



തിരുവനന്തപുരം: ഹേമ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സര്‍ക്കാര്‍ സമര്‍പ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. സര്‍ക്കാരിന് ഒന്നും മറച്ചു വെക്കാനില്ല. സര്‍ക്കാര്‍ ഒന്നിനും എതിരല്ല. ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ പരാമര്‍ശങ്ങളും ഹൈക്കോടതി പരിശോധിക്കട്ടെ. പരിശോധിക്കാനുള്ള ഹൈക്കോടതി തീരുമാനത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. കോടതി എന്താണോ ഉത്തരവ് നല്‍കുന്നത് അത് അനുസരിക്കാനും സര്‍ക്കാര്‍ തയ്യാറാണ്. സര്‍ക്കാര്‍ ഭരണകരമായ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.




സിനിമാ കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. നവംബര്‍ 23,24,25 തീയതികളില്‍ എറണാകുളത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കും. ആറുമാസം മുമ്പേ തന്നെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. സിനിമാ-സീരിയല്‍ രംഗത്ത് കാതലായ മാറ്റങ്ങള്‍ എന്താണ് വരുത്തേണ്ടതെന്നതാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ നിര്‍ദേശങ്ങള്‍ മാത്രമല്ല കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യുന്നത്. നടി പാര്‍വതിക്ക് അതു മനസ്സിലാകാത്തതുകൊണ്ടാകും വിമര്‍ശനം ഉന്നയിച്ചതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

സിനിമാ- സീരിയല്‍ രംഗത്ത് നടപ്പാക്കേണ്ട, ഭാവിയിലെ കേരളത്തില്‍ ആ ഇന്‍ഡസ്ട്രി ഡെവലപ്പ് ചെയ്യേണ്ടതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. ആ ഡിസ്‌കഷനുകളില്‍ പങ്കെടുക്കുന്നത് അന്തര്‍ദേശീയ, ദേശീയ തലത്തിലുള്ള സിനിമാ പ്രഗത്ഭന്മാരാണ്. സംസ്ഥാനത്തെ പ്രഗത്ഭന്മാരും വിവിധ സംഘടനാ ഭാരവാഹികളും വരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളില്‍ ഏതെല്ലാം സിനിമാ നയത്തിലേക്ക് വരണമെന്നതാണ് ചര്‍ച്ച ചെയ്യുക. അല്ലാതെ തെറ്റിദ്ധരിക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്ന് മന്ത്രി ആവര്‍ത്തിച്ചു. കോടതി ഒരു ഉത്തരവ് പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ എല്ലാ വിവരങ്ങളും നല്‍കാൻ തയ്യാറാണ്. ധനകാര്യ മന്ത്രി ബാലഗോപാൽ പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിൽ അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയാണ് കോണ്‍ക്ലേവെന്ന വിമര്‍ശനമാണ് നടി പാര്‍വതി തിരുവോത്ത് നടത്തിയത്. കോൺക്ലേവ് ഇരകളെ അപമാനിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കുറ്റപ്പെടുത്തിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: