ഭാര്യ 27 വർഷങ്ങൾമുമ്പ് കാണാതായ തന്റെ ഭർത്താവിനെ കുംഭമേളയിൽ വച്ചു കണ്ടെത്തിയത് സന്യാസി ആയി

റാഞ്ചി: 27 വർഷങ്ങളായി കാണാതെയായ കുടുംബാംഗത്തെ പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയിൽ കണ്ടെത്തി ജാർഖണ്ഡിലെ ഒരു കുടുംബം. ഗംഗസാഗർ യാദവ് എന്ന 65കാരനെയാണ് 27 വർഷങ്ങൾക്ക് ശേഷം ബുധനാഴ്ച കണ്ടെത്തിയത്. ഗംഗസാഗർ ഇപ്പോൾ സന്യാസ ജീവിതം നയിച്ചുവരുകയാണ്. അഘോരി വിഭാഗത്തിലെ സന്യാസിയാണ് ബാബ രാജ്‌കുമാർ എന്നറിയപ്പെടുന്ന ഗംഗാസാഗർ.


വർഷങ്ങളായി പ്രതീക്ഷ നഷ്പ്പെട്ട കുടുംബത്തിന് കുംഭമേളക്കെത്തിയ ഒരു ബന്ധുവാണ് ആശ്വാസമായത്. കുംഭമേളയിൽ ഗംഗസാഗറിനെ പോലെ കാണാൻ സാമ്യമുള്ള ഒരാളെ ശ്രദ്ധയിൽപ്പെട്ട ഇയാൾ ഫോട്ടോയെടുത്ത് കുടുംബത്തിന് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് അത് ഗംഗസാഗർ തന്നെയാണെന്ന് തിരിച്ചറിയുകയും ഉടൻ തന്നെ ഭാര്യ ധൻവ ദേവിയും രണ്ട് ആണ്മക്കളും കൂടി കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലേക്ക് പുറപ്പെടുകയുമായിരുന്നുവെന്ന് ഗംഗസാഗറിന്റെ സഹോദരൻ മുരളി യാദവ് പറഞ്ഞു.

1998ൽ പട്നയിലേക്ക് പോകുംവഴിയാണ് ഗംഗസാഗറിനെ കാണാതെപോയത്. കുടുംബം ഒരുപാട് ശ്രമങ്ങൾ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ധൻവ ദേവിയാണ് ഗംഗസാഗറിന്റെ ഭാര്യ. കമലേഷ്, വിമലേഷ്‌ ഇവരുടെ ആൺമക്കളാണ്‌. ഗംഗാസാഗറിനെ തിരോധാനം കുടുംബത്തെയും കുട്ടികളെയും വല്ലാതെ ബാധിച്ചിരുന്നു. മൂത്ത മകന് 2 വയസ്സ് മാത്രം പ്രായമായിരുന്നു അന്നുണ്ടായിരുന്നത്.

തിരിച്ചറിഞ്ഞ് എത്തിയ കുടുംബത്തോട് താൻ വാരണാസിയിൽ നിന്നുമുള്ള സന്യാസിയാണെന്നും പേര് ബാബ രാജ്‌കുമാർ എന്നുമാണെന്ന് അവകാശപെട്ടുകൊണ്ട് കഴിഞ്ഞുപോയ ജീവിതകാലത്തെ ഇയാൾ നിരസിക്കുകയായിരുന്നു. എന്നാൽ നീണ്ട പല്ലുകളും, നെറ്റിയിൽ ഉള്ള മുറിവിന്റെ പാടും, മുട്ടിലെ തഴമ്പുമുള്ള ഇയാൾ ഗംഗാസാഗർ തന്നെയാണെന്ന് കുടുംബം ഉറപ്പിച്ച് പറയുകയായിരുന്നു. സംഭവത്തെ കുറിച്ച് കുടുംബം കുംഭമേളയിലെ പൊലീസ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. അതേസമയം കുംഭമേള കഴിയുന്നതുവരെ ഞങ്ങൾ ഇവിടെയുണ്ടാകും, ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധന നടത്തും. പരിശോധനയിൽ ഫലം നെഗറ്റീവ് ആണെങ്കിൽ ഞങ്ങൾ ബാബ രാജ്‌കുമാറിനോട് ക്ഷമാപണം നടത്തുമെന്നും കുടുംബം പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: